സി ദിവാകരൻ
July 05, 2021, 4:23 am
ജസ്റ്റിസ് സച്ചാർ കമ്മിഷൻ റിപ്പോർട്ടും കേരളവും
ഇന്ത്യൻ സ്വാതന്ത്യ്രസമരം പ്രക്ഷുബ്ധമായ കാലത്ത് ദേശീയ നേതാക്കന്മാരുടെ ഇടയിൽ ഹിന്ദു- മുസ്‌ലിം ജനവിഭാഗങ്ങളുടെ ഐക്യത്തെക്കുറിച്ച് തീപാറുന്ന വാദപ്രതിവാദങ്ങൾ നടന്നു. രണ്ടു വിഭാഗങ്ങളിലും ഉയർന്നുവന്ന വിഭാഗീയത ബ്രിട്ടീഷ് ഭരണാധികാരികൾ തന്ത്രപരമായ അവരുടെ താല്പര്യ സംരക്ഷണത്തിനായി വിനിയോഗിച്ച ചരിത്രരേഖകൾ പല ഞെട്ടിപ്പിക്കുന്ന വസ്തുതകൾ വെളിപ്പെടുത്തുന്നു. ജവഹർലാൽ നെഹ്റുവും മുഹമ്മദാലി ജിന്നയും തമ്മിൽ നടന്ന ചർച്ചകൾ, ഗാന്ധിജിയും ജിന്നയും വല്ലഭായ് പട്ടേലും തമ്മിൽ നടന്ന സംവാദങ്ങൾ ഇവയെല്ലാം സൂക്ഷ്മപഠനത്തിനു വിധേയമാക്കിയാൽ ഇന്ത്യയുടെ സ്വാതന്ത്യ്രം നേടിയെടുക്കുന്നതിൽ ഇവർക്ക് ഏകീകൃതമായ അഭിപ്രായം ഉണ്ടായിരുന്നില്ലെന്ന ദുഃഖസത്യം വ്യക്തമാണ്. ഇന്ത്യയെ വിഭജിച്ചായാലും തരക്കേടില്ല ഉടനടി സ്വാതന്ത്യം ലഭ്യമാകണമെന്ന നെഹ്റുപക്ഷത്തിന്റെ സമ്മർദ്ദം പൊറുക്കാനാവാതെ വന്നപ്പോള്‍ ഗാന്ധിജി ഇന്ത്യയുടെ വിഭജനത്തില്‍ അതിശക്തമായ എതിർപ്പു പ്രകടിപ്പിച്ചു. “എന്റെ ശവശരീരത്തിനു മുകളിലൂടെ നിങ്ങൾക്ക് സ്വാതന്ത്യ്രം നേടാം. ഞാൻ ഒരിക്കലും ഭാരതത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ല”- ഈ ആവശ്യം ഉന്നയിച്ച് ഗാന്ധിജി തന്റെ ജീവിതത്തിലെ അവസാനത്തെ ഉപവാസസത്യഗ്രഹം നടത്തി. സ്വാതന്ത്യ്രസമര ചരിത്രത്തിലെ വികാരനിർഭരമായ ഈ സംഭവം സൂചിപ്പിക്കുന്നത് ഇന്ത്യയിലെ മുസ്‌ലിം-ഹിന്ദു വിഭാഗങ്ങളുടെ ഐക്യത്തിന്റെ പ്രശ്നമാണ്.
എന്തായാലും ഇന്ത്യയുടെ വിഭജനം ഒരു യാഥാർത്ഥ്യമായി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ഇന്ത്യയിൽ നിന്ന് വേർപെടുത്തി മുസ്‌ലിം ലീഗിന്റെ നേതാവായിരുന്ന മുഹമ്മദാലി ജിന്ന പ്രസിഡന്റായി പാകിസ്ഥാൻ എന്ന രാഷ്ട്രം നിലവിൽ വന്നു. ഇന്ത്യയെന്ന രാഷ്ട്രവും ലോകഭൂപടത്തിൽ ഇടം നേടി. പുതുതായി സ്വാതന്ത്യ്രം നേടിയ ഇന്ത്യൻ ജനാധിപത്യ റിപ്പബ്ലിക്ക് ഒരു മതേതര രാഷ്ട്രമാണെന്ന് അംഗീകരിക്കുന്ന ഭരണഘടനയും നിലവിൽ വന്നു. മതേതര രാഷ്ട്രത്തിൽ എല്ലാ മതങ്ങൾക്കും തുല്യപദവിയും സ്വാതന്ത്യ്രവും ഭരണഘടന വാഗ്ദാനം ചെയ്യുന്നു. എങ്കിലും സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന് അർഹമായ പദവികളോ അംഗീകാരമോ ലഭ്യമാകുന്നില്ലെന്ന് നിരന്തരം പരാതികൾ ഉയർന്നുവന്നു. ഈ ന്യൂനപക്ഷ മതവിഭാഗം ഭൂരിപക്ഷമതമായ ഹിന്ദുക്കളിൽ നിന്നും തുടർച്ചയായി പീഡനങ്ങൾ നേരിടുന്നുവെന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പരാതികൾ ആവർത്തിച്ചുകൊണ്ടിരുന്നു. മുസ്‌ലിം ജനവിഭാഗത്തിന്റെ ജനസംഖ്യക്ക് ആനുപാതികമായി പാർലമെന്റിലും നിയമസഭകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാതിനിധ്യം ലഭിക്കുന്നില്ല. ജുഡീഷ്യറിയിലും ഇവര്‍ക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ല.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലകളിൽ പ്രത്യേകിച്ച് സർവകലാശാലകളിൽ മെഡിക്കൽ എൻജിനീയറിങ് കോളജുകളിൽ അർഹമായ അംഗീകാരം ലഭ്യമാകുന്നില്ല. അവകാശങ്ങൾ നിഷേധിക്കപ്പെടുക എന്നത് ഭരണഘടനയുടെ നിഷേധവും രാഷ്ട്രത്തിനു തന്നെ അപമാനവുമാണെന്ന വസ്തുത മനസിലാക്കി വളരെ വൈകിയാണെങ്കിലും കേന്ദ്രസർക്കാർ ഇന്ത്യയിലെ മുസ്‌ലിം മതവിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിലവാരത്തെക്കുറിച്ച് അന്വേഷിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ ജസ്റ്റിസ് സച്ചാറിന്റെ നേതൃത്വത്തിൽ ഒരു കമ്മിഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. 2005 മാർച്ച് ഒമ്പതാം തീയതി സമിതി നിലവിൽ വന്നു. ഒന്നര വർഷക്കാലത്തിനുള്ളിൽ അതികഠിനമായ പ്രയത്നത്തിന്റെ ഫലമായി കമ്മിഷന്റെ റിപ്പോർട്ട് 2006 നവംബർ 30-ാം തീയതി പാർലമെന്റിൽ അവതരിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും പിന്നാക്കാവസ്ഥയിലാണ് മുസ്‌ലിം വിഭാഗം കഴിഞ്ഞുകൂടുന്നതെന്ന് കണ്ടെത്തിയ സമിതിയുടെ നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണമെന്ന ആവശ്യം ഉയർന്നുവന്നു. പ്രസ്തുത കമ്മിഷന്റെ ശുപാർശകൾ കേരളത്തിൽ നടപ്പിലാക്കാനുള്ള നടപടികളുമായി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയി.
കേരളത്തിലെ പ്രത്യേക സാമൂഹ്യപശ്ചാത്തലത്തിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രായോഗികതലത്തിൽ നടപ്പിലാക്കാനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ പതിനൊന്ന് പേരടങ്ങുന്ന ഒരു സമിതി രൂപീകരിച്ചു.
ജസ്റ്റിസ് സച്ചാർ റിപ്പോർട്ടിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ശ്രദ്ധേയമായിരുന്നു. അവയെല്ലാം സമിതി പരിശോധിച്ചു. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള മൊത്തം ഗ്രാമങ്ങളിൽ മൂന്നിലൊന്ന് ഭാഗം ഗ്രാമങ്ങളിൽ ഒരുവിധമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിലില്ല. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള ഗ്രാമങ്ങളിലെ 40 ശതമാനം വില്ലേജുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്ല. ഈ രണ്ടു പോരായ്മകൾ മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസത്തെയും ആരോഗ്യസംരക്ഷണത്തെയും പ്രതികൂലമായി ബാധിക്കുന്നു. സ്വാതന്ത്യ്രാനന്തരം ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും നമ്മുടെ രാജ്യത്ത് ഗണ്യമായ ഒരു ജനവിഭാഗം അതിദാരുണമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് സച്ചാർ ചൂണ്ടികാണിക്കുന്നു. ജീവിതനിലവാരം പരിശോധിച്ചതിൽ മുസ്‌ലിം വിഭാഗം ഇന്ത്യയിലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് തുല്യരായി കഴിഞ്ഞുകൂടുന്നുവെന്ന് കണ്ടെത്തി. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ അർഹത തെളിയിച്ചാലും നിയമനം ലഭിക്കുന്നില്ല. ഇതരമത വിഭാഗങ്ങളിൽപ്പെടുന്നവരുടെ ശരാശരി വരുമാനത്തേക്കാൾ കുറവാണ് മുസ്‌ലിങ്ങളുടെ വരുമാനനിരക്ക്. ഇത്തരം ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങൾ ഗൗരവമേറിയ ചർച്ചകൾക്ക് വിധേയമാക്കേണ്ടതാണ്.
ഒരു രാഷ്ട്രത്തിന്റെ അർത്ഥപൂർണമായ വികാസം എന്നത് സാമൂഹ്യനീതി ഉറപ്പാക്കലാണ്. സമൂഹത്തിന്റെ ഗണ്യമായ ഒരു വിഭാഗം പ്രാന്തവൽക്കരിക്കപ്പെട്ടാൽ സമൂഹത്തിന്റെ പുരോഗതി കൈവരിക്കാൻ ഒരിക്കലും സാധ്യമല്ല. ഇവിടെ മുസ്‌ലിങ്ങളുടെ പ്രശ്നം ഒരു ദേശീയ പ്രശ്നമായി മാറുകയാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ്.
പിന്നാക്ക‑ന്യൂനപക്ഷ സമുദായമെന്ന നിലയിൽ മുസ്‌ലിങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം വളരെ മുൻപു മുതൽ ലഭ്യമാക്കിയിരുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിങ്ങളെക്കാൾ സാമൂഹ്യനീതി ലഭ്യമാക്കാൻ അധികാരത്തിൽ വന്ന എല്ലാ ഇടതുപക്ഷ സർക്കാരുകളും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നേരിടുന്ന വർഗീയ പീഡനങ്ങളൊന്നും കേരളത്തിലെ മുസ്‌ലിങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടില്ല. കേരളത്തിന്റെ സാമൂഹ്യരംഗത്ത് അലയടിച്ച് ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനവും വർഗീയതയ്ക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങളും സൃഷ്ടിച്ച ഒരു പ്രത്യേക സാമൂഹ്യപശ്ചാത്തലത്തിൽ കടുത്ത അവഗണന അനുഭവപ്പെടുന്നില്ലെങ്കിലും സാമൂഹ്യ‑സാമ്പത്തിക‑വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിലെ മുസ്‌ലിങ്ങൾ ഇപ്പോഴും ഇതര സമുദായങ്ങളെക്കാൾ പിന്നിലാണെന്ന് സച്ചാർ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസം എന്നത് കേവല സാക്ഷരതയല്ല; വിവിധ വിജ്ഞാനമേഖലകളിൽ തെളിയിക്കുന്ന പ്രാഗത്ഭ്യമാണ്. ഈ വിഷയത്തിൽ ഇതരസമുദായങ്ങൾ കൈവരിച്ച വിദ്യാഭ്യാസ നിലവാരത്തിനൊത്ത് ഉയരാൻ കേരളത്തിലെ മുസ്‌ലിങ്ങൾക്കുപോലും കഴിഞ്ഞിട്ടില്ല. സച്ചാർ കമ്മിഷൻ റിപ്പോർട്ടിൽ അടിവരയിട്ട് ആവർത്തിക്കുന്നത് മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥയെക്കുറിച്ചാണ്. കേരളത്തിലിനിയും ഈ വിഷയത്തിൽ മുന്നോട്ടുപോകാൻ മുസ്‌ലിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇതര മതസമൂഹങ്ങളെ അപേക്ഷിച്ച് മുസ്‌ലിം ജനവിഭാഗമാണ് ഏറ്റവും കടുത്ത ദാരിദ്യ്രം അനുഭവപ്പെടുന്നതെന്ന വസ്തു തയും ജസ്റ്റിസ് സച്ചാർ ചൂണ്ടിക്കാണിക്കുന്നു. മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങളിൽ പ്രൈമറി, ഹൈസ്കൂൾ‑സെക്കന്‍ഡറി സ്കൂളുകൾ സ്ഥാപിക്കണം. ഒരു വാർഡിൽ ഒരു പ്രൈമറി സ്കൂൾ ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന ക്രമത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാകണം.
ഉപരിപഠനരംഗത്ത് മുസ്‌ലിം പെൺകുട്ടികളുടെ അംഗസംഖ്യ നിരാശാജനകമാണ്. ഇതു പരിഹരിക്കാൻ ഹോസ്റ്റൽ സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാകണം. മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ ലഭിക്കാനാവശ്യമായ വിദഗ്ധ പരിശീലനം നേടാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉറുദു ഭാഷ സംസാരിക്കുന്നവരാണ്. ഉറുദു ഭാഷയിൽ പഠനം വ്യാപകമാക്കാൻ സർക്കാർ ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കണം. ഉറുദു ഐടിഐകളും സ്ഥാപിക്കണം. കേരളത്തിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന മുസ്‌ലിം സംഘടനകൾക്ക് സാമൂഹ്യനീതി നിർവഹിക്കുമെന്ന വ്യവസ്ഥയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണം. മദ്രസാപഠനം പ്രോത്സാഹിപ്പിക്കണം. ഏകദേശം ഒന്നരലക്ഷം മദ്രസാ അധ്യാപകർ ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഉറുദു പഠനവും വേദപഠനവും അനാഥ മുസ്‌ലിം കുട്ടികളുടെ സംരക്ഷണവും മുസ്‌ലിം മതവിഭാഗത്തിന് അനിവാര്യമാണ്.
മദ്രസാ അധ്യാപകർക്കായി ഒരു ക്ഷേമപദ്ധതി ആവിഷ്ക്കരിക്കുകയും സർക്കാർ പ്രസ്തുത ക്ഷേമനിധിയിലേക്ക് ഒരു കോടി രൂപ നിക്ഷേപിക്കാൻ സന്നദ്ധമാകണം. ഭൂരഹിതരായ മുസ്‌ലിം വിഭാഗങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കേണ്ടതാണ്. മുസ്‌ലിങ്ങൾ ഭീകരവാദികളാണെന്നും പാകിസ്ഥാൻ അനുകൂലികളാണെന്നും ധാരാളം വ്യാജ പ്രചരണങ്ങളിലൂടെ സംഘർഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളെ ശക്തമായി നേരിടാനുള്ള സംവിധാനം ഉണ്ടാകണം. എല്ലാ മതങ്ങൾക്കും ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്യ്രം മുസ്‌ലിങ്ങൾക്കും ലഭ്യമാക്കണം. ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് സംവരണത്തിൽ ഉണ്ടായിട്ടുള്ള കുറവ് പരിഹരിക്കപ്പെടണം.
കേരളത്തിൽ ഏകദേശം 26 ശതമാനത്തിലേറെയാണ് മുസ്‌ലിം ജനസംഖ്യ. എന്നാൽ സർക്കാർ സർവീസിൽപോലും പ്രാതിനിധ്യം കേവലം 11 ശതമാനം മാത്രം. ഇതു സാമൂഹ്യ നീതിനിഷേധമാണ്.
പൊലീസ് സേനയിലും ഇന്റലിജൻസ് വകുപ്പിലും മുസ്‌ലിങ്ങൾക്ക് ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക. ക്രീമിലയർ കണക്കാക്കുന്ന സാമ്പത്തിക പരിധി വര്‍ധിപ്പിക്കുക. സംസ്ഥാനത്തു ഒരു ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കുക; മദ്രസാ അധ്യാപകർക്ക് ക്ഷേമപദ്ധതിയും പെൻഷനും നടപ്പിലാക്കുക; സംസ്ഥാന സെക്രട്ടേറിയറ്റിൽ ഒരു ന്യൂനപക്ഷസെൽ രൂപീകരിക്കുക തുടങ്ങിയ നടപടികൾ സത്വരമായി നടപ്പിലാക്കാൻ സർക്കാർ അടിയന്തരമായി ശ്രദ്ധിക്കണമെന്നും അപ്രകാരം സർക്കാർ നടപടികൾ സ്വീകരിക്കുന്നപക്ഷം നൂറ്റാണ്ടു കാലങ്ങളായി പിന്നാക്ക മതവിഭാഗങ്ങൾ പ്രത്യേകിച്ച് കേരളത്തിലെ മുസ്‌ലിങ്ങൾ നേരിടുന്ന നിരവധി സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് പാലോളി കമ്മിറ്റി ശുപാർശ ചെയ്യുന്നു.
ഇന്ത്യൻ പാർലമെന്റിന്റെ നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട ജസ്റ്റിസ് സച്ചാർ കമ്മിഷന്റെ റിപ്പോർട്ട് പാർലമെന്റ് അംഗീകരിച്ചു. എന്നാൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും പ്രസ്തുത കമ്മിഷന്റെ നിർദ്ദേശങ്ങൾ അതത് സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ കുട്ടാക്കുന്നില്ല. ഈ വിഷയത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾ മാത്രമാണ് ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നത്. ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയാണ് മതസൗഹാർദ്ദം സംരക്ഷിക്കുക എന്നത്. മിക്ക മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ അര്‍ത്ഥഗർഭമായ മൗനത്തിലാണ് എന്ന അവസ്ഥ നിർഭാഗ്യകരമാണ്.
പുറകിലേക്ക്