| കോവിഷീല്‍ഡ്‌ തീര്‍ന്നു; കുത്തിവയ്‌പ്പ്‌ മുടങ്ങും, പുതിയ സ്‌റ്റോക്ക്‌ 29-ന് എത്തി​യേക്കും, സ്വകാര്യ മേഖലയില്‍ പ്രശ്‌നമില്ല : vimarsana.com

| കോവിഷീല്‍ഡ്‌ തീര്‍ന്നു; കുത്തിവയ്‌പ്പ്‌ മുടങ്ങും, പുതിയ സ്‌റ്റോക്ക്‌ 29-ന് എത്തി​യേക്കും, സ്വകാര്യ മേഖലയില്‍ പ്രശ്‌നമില്ല


Tuesday 27 Jul 2021 01.01 AM
കോവിഷീല്‍ഡ്‌ തീര്‍ന്നു; കുത്തിവയ്‌പ്പ്‌ മുടങ്ങും, പുതിയ സ്‌റ്റോക്ക്‌ 29-ന് എത്തി​യേക്കും, സ്വകാര്യ മേഖലയില്‍ പ്രശ്‌നമില്ല
തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ മേഖലയിലെ കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ കുത്തിവയ്‌പ്പ്‌ പ്രതിസന്ധിയില്‍. സര്‍ക്കാരിന്റെ കൈവശം കോവിഷീല്‍ഡിന്റെ സ്‌റ്റോക്ക്‌ തീര്‍ന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ ജില്ലകളില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇന്ന്‌ കോവിഷീല്‍ഡ്‌ വാക്‌സിനേഷന്‍ ഉണ്ടാകില്ല. അതേസമയം, സ്വകാര്യ മേഖലയില്‍ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്‌.
കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഡോസ്‌ ഒരുമിച്ച്‌ അനുവദിച്ചില്ലെങ്കില്‍ വാക്‌സിനേഷന്‍ അനിശ്‌ചിതത്തിലാകുമെന്നു മന്ത്രി വീണാ ജോര്‍ജ്‌ ഇന്നലെ നിയമസഭയെ അറിയിച്ചു. കുറഞ്ഞ അളവില്‍ വാക്‌സിന്‍ എത്തുന്നതിനാല്‍ വേണ്ടത്ര സ്ലോട്ടുകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നും കിട്ടുന്ന വാക്‌സിന്‍ പരമാവധി രണ്ടുദിവസത്തിനകം തീരുകയാണെന്നും മന്ത്രി പറഞ്ഞു. ബാക്കിയുണ്ടായിരുന്ന 1.70 ലക്ഷം ഡോസ്‌ ഇന്നലെ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.
ഇനി 29-നു മാത്രമേ അടുത്ത സ്‌റ്റോക്ക്‌ എത്തൂവെന്നാണ്‌ സൂചന. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ സംവിധാനം വഴിയുള്ള വാക്‌സിന്‍ വിതരണം രണ്ടുദിവസം പൂര്‍ണമായും മുടങ്ങും. ശനിയാഴ്‌ച 4.53 ലക്ഷം പേര്‍ക്കാണു വാക്‌സിന്‍ നല്‍കിയത്‌. ഇതു റെക്കോഡായിരുന്നു. ഞായറാഴ്‌ച 1.26 ലക്ഷം പേര്‍ക്കു വാക്‌സിന്‍ നല്‍കി. സ്വകാര്യ ആശുപത്രികള്‍ കമ്പനികളില്‍നിന്നു നേരിട്ടുവാങ്ങി നടത്തുന്ന വാക്‌സിനേഷന്‍ അടക്കമാണിത്‌. കഴിഞ്ഞ 17-നാണ്‌ ഏറ്റവുമൊടുവില്‍ വാക്‌സിന്‍ എത്തിയത്‌. 5.54 ലക്ഷം ഡോസാണ്‌ അന്നു ലഭിച്ചത്‌.
കഴിഞ്ഞ ജനുവരി 16-നാണ്‌ സംസ്‌ഥാനത്തു വാക്‌സിനേഷന്‍ ആരംഭിച്ചത്‌. 18 വയസിനു മുകളിലുള്ള 1.48 കോടിപ്പേര്‍ക്ക്‌ ഒരു കുത്തിവയ്‌പ്പ്‌ പോലും കിട്ടിയിട്ടില്ല. 45 വയസിനു മുകളിലുള്ളവരില്‍ 25 ലക്ഷത്തോളം പേര്‍ ആദ്യ ഡോസിനായി കാത്തിരിക്കുന്നു. കഴിഞ്ഞ 25 വരെ 1,29,69,475 പേര്‍ക്ക്‌ ഒന്നാം ഡോസും 56,21,752 പേര്‍ക്ക്‌ രണ്ടാം ഡോസും നല്‍കി.
അതായത്‌, സംസ്‌ഥാനത്തെ 36.95 ശതമാനം പേര്‍ക്ക്‌ ഒന്നാം ഡോസും 16.01 ശതമാനം പേര്‍ക്ക്‌ രണ്ടാം ഡോസ്‌ വാക്‌സിന്‍ നല്‍കി. രണ്ടാം ഡോസ്‌ ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്‌.കഴിഞ്ഞ 18 മുതല്‍ 24 വരെയുള്ള ഒരാഴ്‌ചയ്‌ക്കിടയില്‍ 18 ലക്ഷത്തിലധികം പേര്‍ക്കു വാക്‌സിന്‍ നല്‍കി. സംസ്‌ഥാനത്ത്‌ ഇതുവരെ 1,66,03,860 ഡോസ്‌ വാക്‌സിനാണു ലഭ്യമായത്‌.
Ads by Google

Related Keywords

Japan , Trivandrum , Kerala , India , Ernakulam , , ஜப்பான் , திரிவன்திரும் , கேரள , இந்தியா , எர்னகூளம் ,

© 2024 Vimarsana