Jul 29, 2021, 11:49 AM IST
നാട്ടിലെത്തിയതിനുശേഷം ഈ കുഞ്ഞിക്കടുവയെ എങ്ങനെ സംരക്ഷിക്കണമെന്നറിയാതെ കുഴങ്ങിയ അവരുടെ മനസ്സില്‍ ആ ചിത്രം തെളിഞ്ഞു. മൃഗങ്ങളോടും സസ്യജാലങ്ങളോടും അതീവ സ്‌നേഹവും കരുണയുമുള്ള ഒരാള്‍!
X
ശതപതി ഖൈരി | Twitter
ജൂലായ് 29 അന്താരാഷ്ട്ര കടുവദിനം. മനുഷ്യഭോജികളായ, അക്രമാസക്തരായ, നാടിനെ വിറപ്പിക്കുന്ന കടുവകളെക്കുറിച്ചുള്ള കഥകളും വാര്‍ത്തകളും ആയിരിക്കും നാം കൂടുതല്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഒരു നാടിനെയാകെ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച, തന്നെ എടുത്തുവളര്‍ത്തിയ വളര്‍ത്തച്ഛനോടും വളര്‍ത്തമ്മയോടും അണ വറ്റാത്ത സ്‌നേഹം സൂക്ഷിച്ച ഒരു കടുവയെക്കുറിച്ച് കൂട്ടുകാര്‍ക്ക് അറിയാമോ? ഇത് വെറും കഥയല്ല, ഒഡിഷയില്‍ നടന്ന ഒരു സംഭവമാണ്. കാട്ടില്‍നിന്ന് നാട്ടിലെത്തി സിംലിപാലിന്റെ രാജകുമാരിയായിമാറിയ ആ കടുവയെക്കുറിച്ച് നമുക്ക് വായിക്കാം.
1974 ഒക്ടോബര്‍ 5, ഒഡിഷയിലെ (അന്ന് ഒറീസ്സ) തണുപ്പുള്ള ഒരു പ്രഭാതം. സിംലിപാലിനടുത്തുള്ള വനമേഖലയില്‍ തേന്‍ സ്വീകരിക്കാനെത്തിയ ഖാദിയ ഗോത്രവര്‍ഗക്കാര്‍ ആ കാഴ്ച കണ്ടു. കാട്ടിലൂടെ ഒഴുകുന്ന ഖൈരി നദിയില്‍ വെള്ളം കുടിക്കാന്‍ എത്തിയ ഒരു അമ്മക്കടുവയും മൂന്ന് കുഞ്ഞിക്കടുവകളും. ഭയന്നുപോയ അവര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന തകരപ്പാത്രത്തില്‍ അടിച്ച് ഉറക്കെ ശബ്ദമുണ്ടാക്കി. അമ്മക്കടുവ അവരെ ആക്രമിക്കാന്‍ മുതിരാതെ കുഞ്ഞുങ്ങളെയും കൂട്ടി ഉള്‍ക്കാട്ടിലേക്ക് ഓടിമറിഞ്ഞു. എന്നാല്‍ കൂട്ടത്തില്‍ ഏറ്റവും ശോഷിച്ച ഒരു കടുവക്കുഞ്ഞ് അവിടെ തനിച്ചായിപ്പോയത് അമ്മക്കടുവ അറിഞ്ഞില്ല.
പാവം കുഞ്ഞിക്കടുവയെ അവിടെ ഉപേക്ഷിച്ചുപോരാന്‍ അവര്‍ക്ക് തോന്നിയില്ല. അവരാ കുഞ്ഞിക്കടുവയെയും തങ്ങളുടെ കൂടെ കൂട്ടി. നാട്ടിലെത്തിയതിനുശേഷം ഈ കുഞ്ഞിക്കടുവയെ എങ്ങനെ സംരക്ഷിക്കണമെന്നറിയാതെ കുഴങ്ങിയ അവരുടെ മനസ്സില്‍ ആ ചിത്രം തെളിഞ്ഞു. മൃഗങ്ങളോടും സസ്യജാലങ്ങളോടും അതീവ സ്‌നേഹവും കരുണയുമുള്ള ഒരാള്‍! സിംലിപാല്‍ നാഷണല്‍ പാര്‍ക്ക് ഡയറക്ടറും ഫോറസ്റ്റ് ഓഫീസറുമായ സരോജ് രാജ് ചൗധരി!
ഒടുവില്‍ അവരാ കുഞ്ഞിക്കടുവയെയുംകൊണ്ട് ചൗധരിയെ കാണാന്‍ ജാഷിപുരിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ എത്തി. കുഞ്ഞിക്കടുവയെ ചൗധരി സ്‌നേഹത്തോടെ ഏറ്റുവാങ്ങി. ആദ്യംതന്നെ അവര്‍ അതിന്റെ കാലില്‍ ബന്ധിച്ചിരുന്ന ചങ്ങല, ചൗധരി അഴിച്ചുമാറ്റി. കടുവക്കുഞ്ഞ് സ്‌നേഹത്തോടെ ചൗധരിയുടെ മടിയിലേക്ക് കേറി നിന്നു. അതൊരു ഊഷ്മളമായ സ്‌നേഹബന്ധത്തിന്റെ തുടക്കമായിരുന്നു.
നളിനി നിഹാറും ചൗധരിയും ഖൈരിക്കൊപ്പം
അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെയും ഒഡിഷ മുഖ്യമന്ത്രിയെയും എന്തിന് ലോകത്തെ മുഴുവന് അമ്പരപ്പിച്ച ഒരു മനുഷ്യ-വന്യജീവി സ്‌നേഹബന്ധത്തിന്റെ തുടക്കം.
ഖൈരിനദിക്കരയില്‍നിന്ന് കിട്ടിയതിനാല്‍ ചൗധരി കടുവയ്ക്ക് ഖൈരി എന്ന് പേരിട്ടു. തന്റെ ക്വാര്‍ട്ടേഴ്‌സും ചുറ്റുമുള്ള വനപ്രദേശവും അവള്‍ക്ക് പറ്റിയ വിഹാരകേന്ദ്രമാക്കിമാറ്റി. ചൗധരിയുടെ ബന്ധുവായ നളിനീ നിഹാറും ഖൈരിയോട് അടുത്ത ബന്ധം പുലര്‍ത്തി. ഇറച്ചിയും പാലും, ഒരു കുഞ്ഞിന് കൊടുക്കുന്നതുപോലെ അവര്‍ ഖൈരിക്ക് കൊടുത്തു. ഈ വളര്‍ത്തച്ഛനും വളര്‍ത്തമ്മയും രാത്രികാലങ്ങളില്‍ തങ്ങളുടെ കിടക്കയില്‍ ഖൈരിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.
ചൗധരിയുടെ ക്വാര്‍ട്ടേഴ്‌സില്‍ ആശ്രിതര്‍ വേറെയുമുണ്ടായിരുന്നു. ബ്ലാക്കി എന്ന പട്ടി, ഒരു കരടി, മാന്‍, മുതല, കാഴ്ചയില്ലാത്ത കഴുതപ്പുലി എന്നിവരെല്ലാം ഇവരില്‍ ചിലരാണ്. ഖൈരി എല്ലാവരോടും സൗഹൃദഭാവം വെച്ചുപുലര്‍ത്തി. തന്നെക്കാളധികം ചൗധരിയോ നളിനിയോ മറ്റാരെയെങ്കിലും സ്‌നേഹിക്കുന്നത് അവളെ അസ്വസ്ഥയാക്കി.
വര്‍ഷങ്ങള്‍ കടന്നുപോയി. ഖൈരിയും ചൗധരിയും തമ്മിലുള്ള ഈ സൗഹൃദം കാണാന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ ഒഴുകിവന്നു. ഖൈരി എല്ലാവരോടും സൗമ്യമായി പെരുമാറി. അവള്‍ ഒരു തനി നാട്ടുകാരിയായിമാറി. ഈ വര്‍ഷങ്ങളിലെല്ലാം ചൗധരിക്ക് കടുവകളുടെ സ്വഭാവസവിശേഷതകളും പെരുമാറ്റരീതികളും ആഴത്തില്‍ പഠിച്ചെടുക്കാന്‍ ഖൈരിയിലൂടെ കഴിഞ്ഞു. ഖൈരിക്ക് ജീവിക്കാന്‍ ഒരു ഇണ വേണമെന്ന് മനസ്സിലാക്കിയ സമയങ്ങളില്‍ ചൗധരി അതിനെ കാട്ടിലേക്ക് നയിച്ചു. എന്നാല്‍ നാട്ടില്‍ ജീവിച്ച ഖൈരിക്ക് കാടിന്റെ നിയമങ്ങളും വന്യതയും അന്യമായിരുന്നു. മറ്റ് കടുവകളാല്‍ ആക്രമിക്കപ്പെട്ട്, ശരീരമാസകലം ചോരയൊലിക്കുന്ന മുറിവുകളുമായി അവള്‍ ചൗധരിക്കടുത്തേക്ക് മടങ്ങിയെത്തി.
ഒഡീഷ മുഖ്യമന്ത്രിയായിരുന്ന നന്ദിനി ഖൈരിയെ കാണാനെത്തിയപ്പോള്‍
ഒരു കടുവക്കുഞ്ഞില്‍നിന്ന് ഒത്ത ശരീരവും ഭാരവുമുള്ള ബംഗാള്‍ കടുവയായി ഖൈരി മാറിയിരുന്നെങ്കിലും തന്നെ രക്ഷിച്ച ആ വളര്‍ത്തച്ഛന്റെ മുന്നില്‍ അവളെന്നും ഒരു കുഞ്ഞിനെപ്പോലെയായിരുന്നു. കെട്ടിപ്പിടിച്ചും മടിയില്‍ കിടന്നും ഖൈരി തന്റെ സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. ഇന്ത്യയില്‍ ടൈഗര്‍ സെന്‍സസ്, പഗ് മാര്‍ക്ക് ട്രാക്കിങ് തുടങ്ങിയ രീതികള്‍ക്ക് തുടക്കംകുറിച്ചത് ചൗധരിയായിരുന്നു. ഒരുദിവസം ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ഒരു പേപ്പട്ടിയെ ഖൈരി ധീരമായി നേരിട്ട് കഥകഴിച്ചുവെങ്കിലും മല്‍പ്പിടിത്തത്തിനിടെ അവള്‍ക്ക് അതിനോട് ഒരു കടിയേറ്റിരുന്നു. ആരും ശ്രദ്ധിക്കാതെപോയ ആ മുറിവ് പിന്നെ ഖൈരിയുടെ ജീവനെടുക്കുകയായിരുന്നു. പേ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ ഖൈരിയുടെ വേദന ചൗധരിക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അയാള്‍ വേദന കുറയ്ക്കാനും മയങ്ങാനും ഉള്ള മരുന്നുകള്‍ സ്ഥിരമായി നല്‍കിത്തുടങ്ങി. ഒടുവില്‍ ഖൈരി 1981 മാര്‍ച്ച് 28-ന് മരണത്തിന് കീഴടങ്ങി. തന്റെ പൊന്നോമനയായ കടുവയുടെ മരണം ചൗധരിയെ മാനസികമായി തളര്‍ത്തി. അതേവര്‍ഷംതന്നെ ചൗധരിയും ഈ ലോകത്തോട് വിടപറഞ്ഞു.
വന വന്യജീവിസംരക്ഷണ മേഖലയില്‍ ചൗധരി നല്‍കിയ സംഭാവനകള്‍ക്ക്, രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു. സിംലിപാലില്‍ ഇന്നും ഈ അപൂര്‍വ സൗഹൃദത്തിന്റെ കഥ ആരും മറന്നിട്ടില്ല. വന്യതയില്‍നിന്ന് വന്ന് സിംലിപാലിന്റെ രാജകുമാരിയായിമാറിയ ഖൈരിയും അവളെ ചേര്‍ത്തുപിടിച്ച ചൗധരിയും നളിനിയും. അപൂര്‍വസൗഹൃദത്തിന്റെ കഥകള്‍ പലതും നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് ഖൈരിയുടെ ഗര്‍ജനം ഇന്നും സിംലിപാലില്‍ മുഴങ്ങുന്നുണ്ട്....
(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)
Content highlights : a rare relationship story of adopted tiger named khairi and ifs officer saroj raj choudhury
Share on