കത്രികയ്ക്കുമേൽ കത്രികയുമായി ചലച്ചിത്രത്തിനുനേരെയും Web Desk July 07, 2021, 4:00 am കത്രികയ്ക്കുമേൽ കത്രികയുമായി ചലച്ചിത്രത്തിനുനേരെയും സംഘപരിവാർ ഭരണകൂടം എല്ലാ മേഖലയിലും സ്വേച്ഛാധിപത്യം നേടാനുള്ള ശ്രമങ്ങൾ ശക്തമായി നടത്തുന്നുണ്ട്. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെല്ലാം അതിന്റെ ഭാഗമായുള്ള കടന്നു കയറ്റങ്ങൾ 2014 മുതൽ ആരംഭിക്കുകയും ഏകദേശം പൂർത്തീകരിക്കുകയും ചെയ്തു. സർവകലാശാലകളും സാംസ്കാരിക സ്ഥാപനങ്ങളും നാഗ്പൂരിലെ ആർഎസ്എസ് തമ്പുരാക്കന്മാരുടെയും ഡൽഹിയിലെ അധികാര അന്തപ്പുരങ്ങളിൽ വാഴുന്നവരുടെയും തിട്ടൂരനടത്തിപ്പുകാരായ വിധേയരുടെ താവളമാക്കിക്കഴിഞ്ഞു. ജവഹർലാൽ നെഹ്റു സർവകലാശാല പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ മനോഭാവവും ഇടതുപക്ഷ അനുകൂല നിലപാടുകളും സഹിക്കാതെ അവയ്ക്കെതിരെ ഭരണകൂട നടപടികളും കടന്നുകയറ്റങ്ങളും നിർബാധം നടക്കുന്നു. അതിനെതിരായ ചെറുത്തുനില്പുകളും ഭയലേശമന്യേ രാജ്യവ്യാപകമായി ഉണ്ടായിട്ടുണ്ട്. നമ്മുടെ സർവകലാശാലകൾ എത്രമേൽ പ്രബുദ്ധവും പ്രക്ഷോഭഭരിതവുമാണെന്ന് ഏറ്റവും നന്നായി ബോധ്യപ്പെട്ട മറ്റൊരു കാലയളവായിരുന്നു നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഇപ്പോഴത്തെ സർക്കാരിന്റെ ഭരണവർഷങ്ങൾ. അടിച്ചമർത്തൽ ശ്രമങ്ങളെയും കാവിവല്ക്കരണ നീക്കങ്ങളെയും കലാശാലകളിലും തെരുവുകളിലും സമൂഹമാധ്യമങ്ങളിലും ചെറുത്തുനില്ക്കുന്ന നവ തലമുറയും വളർന്നുവരുന്നുണ്ട്. സാംസ്കാരിക പ്രവർത്തനത്തിനുള്ള വലിയ തട്ടകങ്ങളിൽ ഒന്നാണ് ചലച്ചിത്ര മേഖല. ഒരു ചലച്ചിത്രം പൂർത്തിയാക്കി പ്രേക്ഷകരിലേയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളിൽ ഒന്നാണ് സെൻസർബോർഡുകൾ. അവയെയും സംഘപരിവാർ ആഭിമുഖ്യം മാത്രമുള്ളവരുടെ തട്ടകങ്ങളാക്കി മാറ്റുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. തങ്ങളുടെ ഇച്ഛയ്ക്കും ചിന്താധാരകൾക്കും എതിരായ സിനിമകൾക്ക് കത്രിക വച്ചും പ്രദർശനാനുമതി നിഷേധിച്ചും സെൻസർ ബോർഡുകളിൽ ഇരുന്നുകൊണ്ട് സംഘപരിവാർ അനുകൂലികൾ തങ്ങളുടെ അജണ്ടകൾ തുടർന്നുപോരുന്നുമുണ്ട്. എങ്കിലും സെൻസർ ബോർഡുകൾക്ക് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ പൊതുസ്വീകാര്യത നിലവിലുണ്ട്. സെൻസർബോർഡുകൾ എന്ന സംവിധാനം നിലനില്‍ക്കേ അതിനുമുകളിൽ നിയന്ത്രണങ്ങളും കത്രികകളും പ്രതിഷ്ഠിക്കുന്നതിനുള്ള മോഡി സർക്കാരിന്റെ നീക്കങ്ങൾ ചലച്ചിത്രലോകത്തും സാംസ്കാരിക രംഗത്തും വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഈ രംഗത്തെ പരിശോധനകളും സഹായങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള 1952ലെ സിനിമാട്ടോഗ്രാഫ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ വെട്ടിനിരത്തൽ ശ്രമം കേന്ദ്രസർക്കാർ ആരംഭിച്ചത്. കഴിഞ്ഞമാസം 18നാണ് സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമം ‑2021 പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചത്. രണ്ടാഴ്ചയ്ക്കകം ഇവ നല്കണമെന്നായിരുന്നു നിർദ്ദേശം. പ്രസ്തുത കരട് പുറത്തുവന്ന ഉടൻതന്നെ ചലച്ചിത്ര രംഗത്തുള്ള പ്രമുഖരുൾപ്പെടെ പ്രതിഷേധം ഉയർത്തുകയുണ്ടായി. രാജ്യത്ത് ഏത് ഭാഷകളിൽ നിർമ്മിക്കുന്ന ചലച്ചിത്രങ്ങള്‍ക്കുമേലും കേന്ദ്രസർക്കാരിന്റെ കൂടുതൽ നിയന്ത്രണമുണ്ടാകുന്നുവെന്നതാണ് ഭേദഗതി നിയമത്തിന്റെ ഏറ്റവും വലിയ ഭീഷണി. കേന്ദ്രത്തിൽ ഭരിക്കുന്നത് ബിജെപിയാണ് എന്നുള്ളതിനാൽതന്നെ സർഗസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളായി ഇത് മാറുമെന്നത് ഉറപ്പാണ്. ചലച്ചിത്രത്തെക്കുറിച്ച് ധാരണകളില്ലാത്തവരെ പോലും ഉൾക്കൊള്ളിച്ച് ഈ സംവിധാനത്തെ ദുർബലപ്പെടുത്തുവാനും ദുരുപയോഗിക്കുവാനും ശ്രമിക്കുന്നുണ്ടെങ്കിലും ചലച്ചിത്രങ്ങളുടെ പരിശോധനയ്ക്കായി നിലവിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എന്ന സംവിധാനം. അതുസംബന്ധിച്ച് പഠിക്കുന്നതിനുള്ള സമിതികളൊന്നുംതന്നെ ഇത്തരത്തിലൊരു മാറ്റത്തെക്കുറിച്ച് നിർദ്ദേശിച്ചിട്ടുമില്ല. മാത്രവുമല്ല ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവയ്ക്ക് മതിയായ പരിശോധന നടത്തി നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള കാലദൈർഘ്യം നല്കുന്നുമില്ല. നിലവിലുള്ള സംവിധാനങ്ങൾക്ക് പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിക്കുക എന്നതിന് പകരം പാടെ നോക്കുകുത്തിയാക്കുകയും അതിനു മുകളിൽ സർക്കാരിന്റെ പക്ഷപാതപരമായ സമീപനങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് സാംസ്കാരിക സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണ്. സെൻസർ ബോർഡുകൾ പരിശോധിച്ച് അംഗീകാരം നല്കിയാലും ഒരു പരാതി ലഭിക്കുന്ന പക്ഷം അവ ദുർബലപ്പെടുത്തുന്നതിനോ മാറ്റം വരുത്തുന്നതിനോ കേന്ദ്രസർക്കാരിന് അധികാരം നല്കുന്ന വ്യവസ്ഥകളാണ് ഭേദഗതി നിയമത്തിലുള്ളത്. അച്ചടി, ദൃശ്യമാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ, ഒടിടികൾ എന്നിവയ്ക്കുമേൽ സംഘപരിവാർ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയായിട്ടാണ് ഈ നിയമഭേദഗതിയും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ചലച്ചിത്ര രംഗത്തു നിലവിലുള്ള സംവിധാനങ്ങളെ തകർത്തും പരിമിതമായ സ്വാതന്ത്ര്യങ്ങളെപോലും ഇല്ലാതാക്കിയും പിടിച്ചടക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അത് മുൻകൂട്ടികണ്ടാണ് ചലച്ചിത്രമേഖലയിലെ പ്രമുഖർ ഉൾപ്പെടെ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ആ വികാരം മനസിലാക്കി നിയമഭേദഗതി ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ സന്നദ്ധമാകണം.