ഡോ. കെ പി വിപിൻ ചന്ദ്രൻ മാനവീയം July 27, 2021, 5:46 am സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ബാക്കിപത്രം മുപ്പത് വർഷത്തെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ബാക്കിപത്രം വിലയിരുത്തേണ്ടത് ഇന്ത്യയുടെ ഭാവി വികസനം എങ്ങനെയായിരിക്കണം എന്ന ചിന്തയ്ക്ക് ഗുണകരമാകും. ഇന്ത്യയിൽ 1950 മുതൽ സോഷ്യലിസ്റ്റ് മാതൃകയിലുള്ള ആസൂത്രണ പദ്ധതികളാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിഭാവനം ചെയ്തിരുന്നത്. പഞ്ചവത്സര പദ്ധതികളിലൂടെയാണ് രാജ്യത്തിന്റെ സാമ്പത്തിക ആസൂത്രണം നടപ്പിലാക്കിയിരുന്നത്. എന്നിരുന്നാലും 1950 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് ശരാശരി 3.5 ശതമാനം മാത്രമായിരുന്നു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ രാജ്കൃഷ്ണയുടെ അഭിപ്രായത്തിൽ കുറഞ്ഞ ഈ സാമ്പത്തിക വളർച്ചാനിരക്കിനെ “ഹിന്ദു വളർച്ചാനിരക്ക്” (ഹിന്ദു ഗ്രോത്ത് റേറ്റ്) എന്നാണ് വിളിച്ചിരുന്നത്. 1980നു ശേഷം സാമ്പത്തിക വളർച്ചാനിരക്കിൽ വർധനവ് പ്രകടമായി. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധികളുടെ ചരിത്രം ആരംഭിക്കുന്നത് 1970 കളുടെ അവസാന ഘട്ടത്തിലാണ്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നത് ഇന്ത്യയടക്കമുളള ലോകത്തിലെ മിക്ക രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഇന്ത്യയിൽ കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്നതിന് ഇത് കാരണമായി മാറി. എന്നാൽ അക്കാലത്ത് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകൾ നടത്തിയില്ലെന്നു മാത്രമല്ല മറിച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യിൽ നിന്ന് കടം വാങ്ങി ഇതിന് താല്കാലിക പരിഹാരം കണ്ടെത്തി. തുടർന്ന് 1986 മുതൽ രൂപയുടെ വിനിമയ നിരക്കിൽ ഇടിവുമൂലം കയറ്റുമതി വർധിച്ചുവെങ്കിലും പലിശയുടെ തിരിച്ചടവും ഇറക്കുമതിയിലുണ്ടായ വർധനവും ഉണ്ടായെങ്കിലും വിദേശ നാണയ നിക്ഷേപം കുറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉദാരവല്‍ക്കരിക്കുക, ലോകസമ്പദ്‌വ്യവസ്ഥയ്ക്ക് തുറന്നു നൽകുക, സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നൽകുക, പൊതുമേഖലയുടെ പങ്ക് കുറച്ചു കൊണ്ടുവരിക, അന്താരാഷ്ട്ര വ്യാപാരത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുക എന്നിവയായിരുന്നു ഐഎംഎഫ് മുന്നോട്ട് വച്ച നിബന്ധനകൾ. ഇത് ഇന്ത്യ അംഗീകരിക്കുകയും പുത്തൻ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥയിൽ മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കമ്പോള പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും മുൻഗണന നൽകിയാണ് 1991 ജൂലൈ മാസം 24-ാം തീയതി കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് തന്റെ ബജറ്റിലൂടെ “പുത്തൻ സാമ്പത്തിക നയം” (ന്യൂ ഇക്കണോമിക് പോളിസി) അവതരിപ്പിച്ചത്. സാമ്പത്തിക പരിഷ്കാര നടപടികളെ രണ്ടായി തിരിക്കാം — സ്ഥൂല സാമ്പത്തിക സ്ഥിരതയും ഘടനാപരമായ പരിഷ്കാരങ്ങളും. മുൻപ് നിലവിലിരുന്ന ചട്ടങ്ങളിലെയും നിയമങ്ങളിലെയും അനാവശ്യമായ നിയന്ത്രണങ്ങൾ ഒഴിവാക്കി സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉദാരവല്‍ക്കരിക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ പിന്തുടർന്നത്. 1991ലെ സാമ്പത്തിക പരിഷ്കാരത്തിനുശേഷം ഏറ്റവും വലിയ മാറ്റങ്ങൾ പ്രകടമായത് ബാങ്കിങ് — ഇൻഷുറൻസ് മേഖലയിലാണ്. ഇന്ന് രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലയായ പ്രതിരോധ മേഖലയിൽ പോലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയിലെത്തി. ഗ്രാമീണ മേഖലയിലടക്കം ബ്രാഞ്ചുകൾ സ്ഥാപിക്കുന്നതിനായി ബ്രാഞ്ച് ബാങ്ക് ലൈസൻസ് ഉദാരമാക്കി. അതിനോടൊപ്പം പുതിയ സ്വകാര്യ ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. പൊതുമേഖലയുടെ കുത്തകയായിരുന്ന ഇൻഷുറൻസ് മേഖലയിൽ സ്വകാര്യവൽക്കരണത്തോടെ വിദേശ ഇൻഷുറൻസ് കമ്പനികള്‍ക്കും ഇന്ത്യൻ ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുവാൻ അനുമതി നൽകി. ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ മൂലധനം ഒഴുകിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെത്തിയ വിദേശ മൂലധനത്തിന്റെ ഏറിയ പങ്കും വിനിയോഗിക്കപ്പെട്ടത് ഓഹരി കമ്പോളത്തിലാണ്. സാമ്പത്തിക വളർച്ചയിലൂടെ ഇന്ത്യയിലെ ഗണ്യമായ ഒരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താൻ സാധിച്ചുവെങ്കിലും ഇന്നും ഇന്ത്യയിൽ ദാരിദ്ര്യത്തിന്റെ നിരക്ക് ഉയർന്നു നിൽക്കുന്നു. 1993–94 മുതൽ 2004-05 വരെയുള്ള കാലയളവിൽ ദാരിദ്ര്യ നിരക്ക് പ്രതിവർഷം 0.74 ശതമാനം മാത്രമാണ് കുറഞ്ഞതെന്നാണ് ടെണ്ടുൽകർ കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. എന്നാൽ 2004-05 മുതൽ 2011-12 വരെയുള്ള കാലയളവിൽ പ്രതിവർഷം 2.2 ശതമാനമായി ദാരിദ്ര്യ നിരക്ക് കുറയുന്നു. 2004 മുതൽ ഒന്നാം യുപിഎ സർക്കാർ നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളാണ് ദാരിദ്ര്യ നിരക്ക് കുറയുന്നതിന് കാരണമായത്. ആപേക്ഷികമായി ദാരിദ്ര്യത്തിൽ കുറവുണ്ടെങ്കിലും ഇന്ത്യയിലെ മൂന്നിലൊരാൾ ഇന്നും ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നു. എല്ലാ ഇന്ത്യൻ ശതകോടീശ്വരൻമാരുടെയും സമ്പത്ത് ഇന്ത്യയുടെ കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണ്. ഇന്ത്യയിൽ വർധിച്ചുവരുന്ന അസമത്വം ദാരിദ്ര്യത്തിന് എതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും സാമൂഹ്യബന്ധങ്ങളെ ശിഥിലീകരിക്കുകയും സാമ്പത്തികവളർച്ചയെ പോലും ഇക്കാലയളവിൽ മന്ദഗതിലാക്കുകയും ചെയ്തു. ഉദാരവൽക്കരണത്തിനു ശേഷം ജിഡിപി വളർച്ച മെച്ചപ്പെട്ടുവെങ്കിലും ജനങ്ങൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇത് പരാജയപ്പെട്ടു. റിസർവ് ബാങ്കിന്റെ കെഎൽഎംഎസ് ഡാറ്റാബേസ് 1980–81 മുതൽ 2017–18 വരെയുള്ള തൊഴിൽ നിരക്കിന്റെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്നു. 1991–92 നും 2017–18 നും ഇടയിൽ തൊഴിലിന്റെ സംയുക്ത വാർഷിക വളർച്ചാനിരക്ക് 1.04 ശതമാനം മാത്രമാണ് വർധിച്ചത്. എന്നാൽ 1980–81 മുതൽ 1990–91 വരെയുള്ള തൊഴിലിന്റെ സിഎജിആർ 2.02 ശതമാനമാണ്. അതായത് ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള കാലഘട്ടത്തേക്കാൾ മികച്ചതാണ് അതിന് മുൻപുള്ള കാലഘട്ടത്തിലെ സംയുക്ത വാർഷിക വളർച്ചാനിരക്ക്. 2017–18 നു ശേഷം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനവും ചരക്കു — സേവനനികുതി പരിഷ്കാരവും കൂടുതൽ തൊഴിൽ നഷ്ടത്തിന് കാരണമായി. തുടർന്ന് കോവിഡ് 19 മഹാമാരിയുടെ വ്യാപനം മൂലം 2020 മാർച്ച് മാസം മുതൽ പലതവണകളായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഇന്ത്യയിലെ തൊഴിൽ മേഖലയെ രൂക്ഷമായ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുന്ന അവസ്ഥയിലെത്തി ചേർന്നു. തൊഴിൽ മേഖലയിലെ വളർച്ച മാത്രമല്ല കുറഞ്ഞത് അതിനൊപ്പം തൊഴിൽ പങ്കാളിത്ത നിരക്കിലും വൻ കുറവാണ് പ്രകടമാകുന്നത്. ലോകബാങ്കിന്റെ കണക്കു പ്രകാരം 1990‑ൽ ഇന്ത്യയുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 58.4 ശതമാനമായിരുന്നു. എന്നാൽ 2018‑ൽ 49.4 ശതമാനമായി തൊഴിൽ പങ്കാളിത്ത നിരക്ക് കുറഞ്ഞു. അതുപോലെ 1990കളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 30.3 ശതമാനമായിരുന്നുവെങ്കിൽ 2019‑ൽ ഇത് 20.8 ശതമാനമായി കുറഞ്ഞു. ഉദാരവല്‍ക്കരണ കാലഘട്ടത്തിൽ സാമ്പത്തിക വളർച്ച നേടിയെങ്കിലും തൊഴിൽ രംഗത്ത് ആ കുതിപ്പ് കാണാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കാർഷിക മേഖലയിലെ പ്രതിസന്ധികളാണ്. കാർഷിക രംഗത്തെയാണ് സാമ്പത്തിക പരിഷ്കാരം ഏറ്റവും കൂടുതൽ ബാധിച്ചത്. കർഷകർക്ക് ന്യായവില ഉറപ്പുവരുത്തുന്നില്ലെന്ന് മാത്രമല്ല കാർഷിക സബ്സിഡികൾ കുറയുന്നതിനാൽ കൃഷിച്ചെലവ് വർധിച്ച് കൃഷിക്കാർ തങ്ങളുടെ അതിജീവനം പോലും സാധ്യമാകാതെ ലക്ഷക്കണക്കിന് ഇന്ത്യയിലെ കർഷകരെയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മൂന്ന് പതിറ്റാണ്ടിലെ സാമ്പത്തിക പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തിലും ഗുണനിലവാരത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഈ പരിഷ്കരണങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ ട്രിക്കിൾ ഡൗൺ ഇഫക്റ്റിലൂടെ (അരിച്ചിറങ്ങൽ സിദ്ധാന്തം) ഇന്ത്യയിലെ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഫലപ്രദമായിരുന്നില്ല. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് 30 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ സാമ്പത്തിക പരിഷ്കാരത്തിന് നേതൃത്വം നൽകിയ ധനമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങിന്റെ വിലയിരുത്തലിന് പ്രധാന്യം ഏറെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ “കഴിഞ്ഞ 30 വർഷത്തിനിടെ 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും ഇന്ത്യയെ വിവിധ മേഖലകളിൽ ആഗോളശക്തിയായി വളര്‍ത്തുവാനും സാധിച്ചു. 30 വർഷങ്ങൾക്കിപ്പുറം രാജ്യം ഭയാനകമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണെന്നും ജനങ്ങളുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ ഭരണാധികാരികൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്”. 1991 മുതൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സാമ്പത്തിക വളർച്ച ഒരു പരിധി വരെ നേടാൻ സാധിച്ചുവെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ദാരിദ്ര്യം കുറയ്ക്കുന്നതിലും ജനങ്ങളുടെ ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിലും പരാജയമായിരുന്നുവെന്ന് ഇന്ത്യ ഇന്നനുഭവിക്കുന്ന കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലൂടെ ലോകത്തെ തുറന്നുകാട്ടുന്നു. ഡോ. മൻമോഹൻ സിംഗിന്റെ അഭിപ്രായം വിലയിരുത്തുമ്പോൾ സാമ്പത്തിക വളർച്ചയേക്കാൾ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന മാനവവികസന കാഴ്ചപ്പാടിന് പ്രാമുഖ്യം നൽകണമെന്ന സുസ്ഥിരവികസന സമീപനം സ്വീകരിച്ചുകൊണ്ടാണ് ഭാവി ഇന്ത്യക്കു വേണ്ടി നാം മുന്നോട്ട് പോകേണ്ടത്. പുറകിലേക്ക് മുൻപിലേക്ക്