എം പി ഗോപകുമാര്‍ ജനറൽ സെക്രട്ടറി, കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ July 27, 2021, 5:28 am വൈദ്യുതിരംഗം പൊതുമേഖലയിൽ സംരക്ഷിക്കപ്പെടണം സ്വാതന്ത്ര്യലബ്ധിക്കു മുൻപ് രാജ്യത്തിന്റെ പൊതുസ്വത്തുകളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം തന്നെ സമ്പന്ന വരേണ്യവർഗ വിഭാഗങ്ങൾക്കുമാത്രം പ്രാപ്യമായിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ വികസന പ്രക്രിയയിൽ സാധാരണ ജനങ്ങൾക്കുകൂടി പങ്കാളിത്തം നൽകുന്ന ജനകീയ വികസന നയങ്ങളാണ് ദേശീയ നേതാക്കളാൽ നയിക്കപ്പെട്ട നമ്മുടെ ഭരണാധികാരികൾ സ്വീകരിച്ചുപോന്നത്. വൈദ്യുതി രംഗത്തുൾപ്പെടെ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം തന്നെ പൊതുമേഖലാ സംവിധാനങ്ങളിലൂടെ ആർജ്ജിച്ചവയാണ്. ഉല്പാദന സേവന രംഗങ്ങളിലെല്ലാം രാജ്യത്തിന്റെ സമ്പത്ത് ഉപയോഗപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ പൊതുമേഖലാ സംരംഭങ്ങൾ ആരംഭിച്ച് അവയെല്ലാം രാജ്യത്തിന്റെ പൊതുസ്വത്തുക്കളാക്കി മാറ്റി. പൊതുമേഖലയെന്നാൽ ജനങ്ങളുടെ സ്വത്താണ്, രാജ്യത്തിന്റെ പൊതുസ്വത്താണ്. പൊതുമേഖല സേവനമുഖമുള്ള മേഖലയാണ്. എന്നാൽ സ്വകാര്യമേഖല തികച്ചും ലാഭകേന്ദ്രീകൃതവും. ‘ലാഭം, കൂടുതൽ ലാഭം’ എന്ന ലക്ഷ്യം മാത്രമാണ് സ്വകാര്യമേഖലയ്ക്ക് ഉള്ളത്. പൊതുമേഖലയുടെ നേട്ടങ്ങളെല്ലാം നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി ഉപയോഗിക്കപ്പെടുമ്പോൾ സ്വകാര്യമേഖലയിലേത് വ്യക്തികളുടെയോ കമ്പനികളുടെയോ നേട്ടങ്ങളായി മാത്രം ചുരുങ്ങുകയാണ്. 1990 കാലഘട്ടം മുതൽ നവ ഉദാരവല്‍ക്കരണ നയവാദികളായി മാറിയ കേന്ദ്ര ഭരണാധികാരികൾ തങ്ങളുടെ മുൻഗണനാപട്ടികയിൽ നിന്നും പൊതുമേഖലയെ ഒഴിവാക്കുകയും സ്വകാര്യമേഖലയ്ക്ക് അമിതപ്രാധാന്യവും എല്ലാ സൗകര്യങ്ങളും നൽകിക്കൊണ്ടുള്ള നയങ്ങൾക്ക് രൂപം നൽകി നിർബന്ധപൂർവം നടപ്പിൽ വരുത്തി. രാജ്യത്ത് നിലവിലുണ്ടായിരുന്ന ജനപക്ഷ തൊഴിലാളിപക്ഷ നിയമങ്ങളെല്ലാം തന്നെ സ്വകാര്യകുത്തക മുതലാളിമാർക്ക് അനുകൂലമായി ഭേദഗതി ചെയ്തുകൊണ്ട് സ്വകാര്യവല്‍ക്കരണ നയങ്ങൾക്ക് നിയമപരമായ പിൻബലം ഉറപ്പാക്കി പൊതുമേഖലയെ തകർക്കുവാനുള്ള പടപ്പുറപ്പാടിലാണ് കേന്ദ്ര ഭരണാധികാരികൾ. പാലർമെന്റിനെപ്പോലും പലകുറി നേക്കുകുത്തിയാക്കുകയും സംസ്ഥാന സർക്കാരുകളുടെ അധികാര അവകാശങ്ങൾക്കുമേൽ നിരന്തരം കടന്നുകയറ്റങ്ങൾ നടത്തി ഫെഡറൽ തത്വങ്ങളെപ്പോലും അടിക്കടി ലംഘിച്ചുപോരുന്ന ജനാധിപത്യവിരുദ്ധ നടപടികൾക്കാണ് കേന്ദ്ര സർക്കാർ നേതൃത്വം നൽകി വരുന്നത്. വ്യവസായങ്ങളുടെ വ്യവസായമായ വൈദ്യുതിരംഗത്തും മറ്റെല്ലാ മേഖലകളിലേയും പോലെ സ്വകാര്യമേഖലയ്ക്ക് പരവതാനി വിരിക്കുവാനായി വൈദ്യുതി നിയമം 2003 അന്ന് കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയ്‌യുടെ നേതൃത്വത്തിലുളള ബിജെപി സർക്കാർ നടപ്പിലാക്കി. അതുവരെ പൊതുമേഖലയിൽ ഈ രംഗം നിയന്ത്രിച്ചിരുന്ന 1910ലെ ഇലക്ട്രിസിറ്റി ആക്റ്റ്, 1948ലെ ഇലക്ട്രിസിറ്റി സപ്ലൈ ആക്റ്റ്, 1956ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി റൂൾ എന്നിവയ്ക്ക് പകരമായി ബിജെപിയും കോൺഗ്രസും കൈകോർത്ത് പാസാക്കിയ വൈദ്യുതി നിയമം 2003 ഇന്ത്യയിലെ പൊതുമേഖലാ വൈദ്യുതി ബോർഡുകളെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പാസാക്കപ്പെട്ടത്. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പൊതുമേഖലാ വൈദ്യുതി ബോർഡുകളെ പല കമ്പനികളാക്കി അവയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുകയും ചെയ്തു. കുറഞ്ഞ മുതൽ മുടക്കിൽ കൊള്ളലാഭം എന്നതാണ് സ്വകാര്യസംരംഭകരുടെ ലക്ഷ്യം. നഷ്ടം സംഭവിച്ചാൽ യാതൊരു ബാധ്യതകളുമില്ലാതെ കളം വിടുന്നതാണ് അവരുടെ രീതി. വൈദ്യുതി ശൃംഖലയുടെ നിർമ്മാണത്തിനും തുടർ പരിപാലനത്തിനുമുള്ള ചെലവ് ഭീമമാണ്. നഷ്ടം വരുന്ന സാഹചര്യത്തിൽ ബിസിനസ് ഉപേക്ഷിച്ചാൽ ശൃംഖല നിർമ്മാണത്തിന് ചെലവഴിച്ച പണം പൂർണമായും നഷ്ടപ്പെടുമെന്ന കാരണം തന്നെയാണ് നാളിതുവരെ ഈ രംഗം സ്വകാര്യമേഖലയ്ക്ക് കടന്നുവരാൻ തടസം സൃഷ്ടിച്ചത്. ലാഭകരമായി വൈദ്യുതി വിതരണം നടത്താമെന്ന ഉദ്ദേശ്യത്തോടെ ചില പ്രധാന നഗരങ്ങൾ സ്വകാര്യ സംരംഭകർക്ക് കൈമാറിയെങ്കിലും സേവനത്തിലെ അപര്യാപ്തതയും സാമ്പത്തിക കെടുകാര്യസ്ഥതയും ക്രമക്കേടുകളുംമൂലം മിക്ക ഫ്രാഞ്ചൈസികളേയും അതാത് സംസ്ഥാന സർക്കാരുകൾക്ക് പുറത്താക്കേണ്ടിവന്നുവെന്നതാണ് വസ്തുത. വൈദ്യുതിരംഗം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള നിയമപരമായ പിന്തുണ ഉറപ്പാക്കുന്നതിനാണ് 2013 മുതൽ അഞ്ച് തവണ നിയമ ഭേദഗതിക്കായി കേന്ദ്ര സർക്കാർ തുനിഞ്ഞിറങ്ങിയത്. ഇപ്പോഴാകട്ടെ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികാലം അവസരമാക്കിക്കൊണ്ട് തൊഴിൽ നിയമങ്ങൾ റദ്ദാക്കി കാർഷിക മരണ ബിൽ നടപ്പിലാക്കിയ മാർഗത്തിൽ തന്നെ വൈദ്യുതി നിയമഭേദഗതി ബിൽ 2020 പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയെടുക്കാനുള്ള തിടുക്കത്തിലാണ് കേന്ദ്ര സർക്കാർ. വിതരണ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള രൂപരേഖയായി സ്റ്റാൻഡേർഡ് ബിഡ് ഡോക്യുമെന്റും തയ്യാറായിക്കഴിഞ്ഞു. ഉയർന്ന സാമ്പത്തികശേഷിയുള്ള വൻകിട ഉപഭോക്താക്കളെ ‘ചെറി പിക്കിംഗ്’ നടത്തി സ്വകാര്യസംരംഭകർക്ക് കൈമാറാൻ നിയമ പിൻബലം സൃഷ്ടിക്കുകവഴി ക്രോസ് സബ്സിഡി സമ്പ്രദായം ഇല്ലാതാക്കാനാണ് സർക്കാർ നീക്കം. സ്വകാര്യമേഖല വൈദ്യുതിരംഗം കയ്യടക്കുന്നതോടെ വൈദ്യുതി ചാർജ്ജ് കുതിച്ചുയരും വൈദ്യുതി സാധാരണ ഉപഭോക്താക്കൾക്ക് അപ്രാപ്യമാകും. അവശ്യവസ്തു എന്നതിൽ നിന്നും വൈദ്യുതി ആഡംബര വസ്തുവായി മാറുന്ന കാലമാണ് നിയമം നടപ്പിലായാൽ നമ്മുടെ രാജ്യത്ത് വരാൻ പോകുന്നത്. പുത്തൻ നിയമഭേദഗതി വഴി നിലവിൽ ദുർബല ജനവിഭാഗങ്ങൾക്കും സാധാരണ ഉപഭോക്താക്കൾക്കും സർക്കാർ നൽകിവരുന്ന എല്ലാ സൗജന്യങ്ങളും ഒഴിവാകുകയും വൈദ്യുതിക്ക് തീവിലയാവുകയും ചെയ്യും. ലക്ഷക്കണക്കിന് പാവപ്പെട്ട ഉപഭോക്താക്കൾ വൈദ്യുതി കണക്ഷൻ ഒഴിവാക്കേണ്ട സാഹചര്യം ഉടലെടുക്കും. വൈദ്യുതി നിയമം 2003 ന്റെ പാശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി ബോർഡുകളെ കമ്പനികളാക്കി സ്വകാര്യവല്‍ക്കരിക്കാൻ നടപടി സ്വീകരിച്ചപ്പോഴും കേരളത്തിൽ ഉല്പാദന, പ്രസരണ, വിതരണ രംഗങ്ങളെ ഒരു കുടക്കീഴിൽ വിഭജിക്കാതെ നിലനിർത്തി മുന്നോട്ട് പോകുന്ന കേരള ബദൽ രാജ്യത്തിനാകെ മാതൃകയാണ്. ഇന്ത്യൻ വൈദ്യുതി മേഖലയുടെ പൊതുമേഖലാ സംരക്ഷണത്തിനായി സമരരംഗത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളി ഓഫീസർ സംഘടനകളും വിവിധ സംസ്ഥാന സർക്കാരുകളും അൺബണ്ടിൽ ചെയ്യപ്പെട്ട് വിഭജിച്ചുപോയ വൈദ്യുതി സ്ഥാപനങ്ങളെ കേരള മാതൃകയിൽ റീബണ്ടിൽ ചെയ്ത് ഒറ്റ സ്ഥാനമാക്കി മുന്നോട്ട് പോകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്താകെ കേരള മാതൃകയ്ക്ക് ലഭിച്ച അംഗീകാരമായി ഈ നീക്കത്തെ വിലയിരുത്താവുന്നതാണ്. ‘എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ഗുണമേന്മയുള്ള വൈദ്യുതി താങ്ങാവുന്ന വിലയ്ക്ക്’ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി 1957ൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് സ്ഥാപിതമായി. രാജ്യത്തെമ്പാടും വൈദ്യുതി ബോർഡുകളെ വിഭജിച്ച് നിരവധി കമ്പനികളാക്കി മാറ്റി സ്വകാര്യമേഖലയ്ക്ക് കൈമാറുമ്പോഴും പൊതുമേഖലയിൽ ഒറ്റ സ്ഥാപനമെന്ന നിലയിൽ 2013ൽ ഒരു കമ്പനിയാക്കി മാറ്റപ്പെട്ടുവെങ്കിലും രാജ്യത്തിന് തന്നെ മാതൃകയായി ആഗോളവല്‍ക്കരണ നയങ്ങൾക്ക് ജനകീയ ബദൽ നയനടപടികളുമായി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകിവരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ വൈദ്യുതി കമ്പനികളുമായി മത്സരാധിഷ്ഠിതമായി പ്രവർത്തിക്കേണ്ടിവരുമ്പോഴും സേവനരംഗമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവിടാതെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ആശ്വാസം പകർന്നുകൊണ്ടുതന്നെ കാര്യക്ഷമതയിൽ ലോകോത്തര നിലവാരത്തിലേക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിനെ എത്തിക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ് കേരളത്തിലെ സർക്കാരും ഇതിലെ ജീവനക്കാരും. സാമൂഹ്യ വികസനത്തിന്റെ കേന്ദ്ര ബിന്ദുവായ വൈദ്യുതിമേഖലയിൽ സുസ്ഥിര വികസനം ലക്ഷ്യമിട്ടുകൊണ്ട് വിതരണ ശൃംഖല മെച്ചപ്പെടുത്താനായി ‘ദ്യുതി 2021’ പദ്ധതി, പ്രസരണ മേഖല ശക്തിപ്പെടുത്താനായി ‘ട്രാൻസ് ഗ്രിഡ്’ പദ്ധതി, ഊർജ്ജ സംരക്ഷണം ലക്ഷ്യമിട്ടുള്ള ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതി, ബദൽ ഊർജ്ജമാർഗ്ഗങ്ങൾ നടപ്പിലാക്കാനായി ‘സൗര’ പദ്ധതി, സുരക്ഷയ്ക്ക് മുൻഗണന നൽകി നടപ്പാക്കുന്ന ‘ഇസേഫ്’ പദ്ധതി എന്നിങ്ങനെ അഞ്ചിന കർമ്മ പരിപാടികളാണ് ഊർജ്ജ കേരളമിഷൻ വഴി നടപ്പിലാക്കുന്നത്. വൈദ്യുതി ബോർഡുകൾ സ്വകാര്യവല്‍ക്കരിച്ചിടത്തെല്ലാം വൈദ്യുതിയുടെ വില പലമടങ്ങ് വർധിച്ചപ്പോഴും സബ്സിഡി, ക്രോസ് സബ്സിഡി സംവിധാനങ്ങൾ നടപ്പിലാക്കി താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി സാധാരണ ഉപഭോക്താക്കൾക്ക് കേരളത്തിൽ ഉറപ്പാക്കാനായിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ വൈദ്യുതി, പട്ടികജാതി പട്ടികവിഭാഗം ഉപഭോക്താക്കൾക്ക് കണക്ഷൻ ലഭിക്കുന്നതിന് മുൻഗണന, വ്യാവസായിക മേഖലയ്ക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി, കാർഷിക മേഖലയ്ക്ക് സൗജന്യ വൈദ്യുതി എന്നിങ്ങനെ സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാവാൻ കേരള വൈദ്യുതി രംഗത്തിന് കഴിയുന്നത് ഇന്നും പൊതുമേഖലയിൽ തന്നെ ഈ മേഖലയ്ക്ക് ഇവിടെ തുടരുവാനാകുന്നതുകൊണ്ടാണ്. തൊഴിൽ സുരക്ഷിതത്വം, തൊഴിലവസരങ്ങൾ, തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിൽ മാതൃകാപ്രവർത്തനം തുടരാൻ കഴിയുന്നതും ഈ രംഗം പൊതുമേഖലയിൽ തുടരുന്നതുകൊണ്ട