Web Desk July 27, 2021, 8:27 am പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും; പ്രതിഷേധത്തിന് സാധ്യത കരി നിയമങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്ന് ഉച്ചക്ക് ദ്വീപിൽ എത്തും. ഭരണ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലും സ്മാർട്ട് സിറ്റി, ഇക്കോ ടൂറിസം പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള വിലയിരുത്തലാണ് പ്രധാനമായും പട്ടേൽ ലക്ഷ്യമിടുന്നത്. ഇന്നലെയായിരുന്നു ദ്വീപില്‍ എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ കൊച്ചിയിലെത്തിയ പ്രഫുൽ പട്ടേൽ അവിടെ തങ്ങുകയായിരുന്നു. ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചത്. നേരത്തെ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും വൻ സാന്പത്തിക ധൂർത്ത് വാർത്തയായതോടെ പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. തുടർന്ന് സന്ദർശനത്തിനു ശേഷം കവരത്തിയിലേക്ക് പോകും. വിവിധ ഫയലുകളുടെ പരിശോധന, പദ്ധതികളുടെ വിലയിരുത്തൽ എന്നിവ നടത്തും.