X
സുഹാസ് ഭാര്യ ഡോ. വൈഷ്ണവിയ്ക്കും മകൾ നൈറയ്ക്കുമൊപ്പം
കൊച്ചി: പുഞ്ചിരിക്കുന്ന നൈറയുടെ കുഞ്ഞുമുഖം കൈക്കുമ്പിളില്‍ കോരിയെടുക്കുമ്പോള്‍ സുഹാസ് പറഞ്ഞു: ''എറണാകുളത്തിന്റെ കളക്ടറായിരുന്ന രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു ദിവസം മാത്രമാണ് അവധിയെടുത്തത്. അതു രണ്ടും ഇവള്‍ക്കു വേണ്ടിയായിരുന്നു. ഇവള്‍ ജനിച്ച ദിവസവും ഇവള്‍ക്ക് സുഖമില്ലാതെ ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയ ഒരു ദിവസവും.'' പറഞ്ഞു തീരും മുമ്പേ സുഹാസിന്റെ ഫോണ്‍ വീണ്ടും ചിലച്ചു. നൈറയുടെ അരികില്‍ നിന്ന് കളക്ടര്‍ ബംഗ്ലാവിലെ ഓഫീസ് മുറിയിലേക്കെത്തുമ്പോള്‍ മേശപ്പുറത്ത് ഫയലുകള്‍. അതെല്ലാം നോക്കിയും സന്ദര്‍ശകരുമായി സംസാരിച്ചും സുഹാസ് വീണ്ടും തിരക്കുകളിലേക്ക്. അതിനിടയില്‍ വീണുകിട്ടിയ കുറച്ചുനേരം കുറേ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
ആവോലിയും ചെമ്മീനും
''വളരെ രുചികരമാണ് കൊച്ചിയുടെ ഭക്ഷണങ്ങള്‍. സീ ഫുഡ് ഏറെ കഴിക്കാന്‍ തുടങ്ങിയത് കൊച്ചിയില്‍ എത്തിയശേഷമാണ്. ആവോലിയും ചെമ്മീനുമാണ് ഏറ്റവും ഇഷ്ടം'' -കൊച്ചിയിലെ രുചിഭേദങ്ങളും കളക്ടര്‍ക്ക് പ്രിയംതന്നെ.
''അച്ഛന്‍ ശിവണ്ണ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹമാണ് എന്‍ജിനീയറിങ് പഠിച്ച എന്നില്‍ ഐ.എ.എസ്. സ്വപ്നത്തിന്റെ വിത്തുവിതച്ചത്.
ആദ്യ ശ്രമത്തില്‍ തന്നെ മികച്ച റാങ്കോടെ ഐ.എ.എസ്. കിട്ടിയപ്പോള്‍ സെക്കന്‍ഡ് ഓപ്ഷനായി കേരളം വെക്കാന്‍ പറഞ്ഞതും അച്ഛനാണ്. മണിപ്പാലിലെ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് മലയാളി സുഹൃത്തുക്കളുണ്ടായിരുന്നു'' -സുഹാസ് പറഞ്ഞു.
ഉറക്കം കുറയുമ്പോള്‍
കൊച്ചിയിലെത്തിയ ശേഷമുണ്ടായ വലിയ മാറ്റമായി സുഹാസ് പറഞ്ഞത് ഉറക്കത്തെക്കുറിച്ചാണ്. ''രാത്രി ഒമ്പതു മണി വരെയൊക്കെ കളക്ടറേറ്റില്‍ ജോലി ചെയ്താകും വീട്ടിലെത്തുന്നത്. അവിടെയെത്തിയാലും ഔദ്യോഗിക കാര്യങ്ങള്‍ ഏറെയുണ്ടാകും. ഉറങ്ങുമ്പോള്‍ പാതിരാത്രി കഴിയും. രാവിലെ എഴുന്നേറ്റാല്‍ നടക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്നു. ഇപ്പോള്‍ അതും മുടങ്ങി. സാമൂഹിക മാധ്യമങ്ങളിലൂടെ എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു. ഇവിടെയെത്തുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ എന്നെ പിന്തുടര്‍ന്നത് 1.4 ലക്ഷം പേരായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 4.4 ലക്ഷമാണ്'' -സുഹാസ് പറഞ്ഞു.
നേട്ടങ്ങളുടെ സുഹാസം
ജില്ലയ്ക്ക് വികസനത്തിന്റെയും നേട്ടങ്ങളുടെയും കാലം സമ്മാനിച്ചാണ് സുഹാസ് പടിയിറങ്ങുന്നത്. കോവിഡും പ്രളയവും തകര്‍ത്ത ജില്ലയെ കൈപിടിച്ച് ആശ്വാസതീരത്തേക്ക് ഉയര്‍ത്തിയതാണ് ഇതില്‍ പ്രധാനം. ''ഒരു ഘട്ടത്തില്‍ രാജ്യത്തെ ഏറ്റവുമുയര്‍ന്ന കോവിഡ് വ്യാപനമുണ്ടായിരുന്ന പ്രദേശമാണ് എറണാകുളം. ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും വാക്‌സിനേഷന്‍ വ്യാപിപ്പിക്കാനുമാണ് കൂടുതല്‍ ശ്രമിച്ചത്. ചെല്ലാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ കിട്ടിയതും വലിയ ഊര്‍ജമായി. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള 'ബ്രേക്ക് ത്രൂ' പദ്ധതിയും ജില്ലയെ മാലിന്യമുക്തമാക്കാനുള്ള 'ക്ലീന്‍ എറണാകുളം' പദ്ധതിയും പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. ലൈഫ് മിഷന്‍ പദ്ധതിയും പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപ്പീലുകളിലുള്ള നടപടിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു'' -നേട്ടങ്ങളെക്കുറിച്ചു പറയുമ്പോള്‍ സുഹാസിന്റെ മുഖത്ത് 'സുഹാസം' മായാതെ നിന്നിരുന്നു.
മറക്കാനാകാത്ത കൊച്ചി
ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഇടമാണ് സുഹാസിന് കൊച്ചി. 2013 ജൂണില്‍ അസി. കളക്ടറായാണ് സുഹാസ് കൊച്ചിയിലെത്തുന്നത്. ആദ്യമായി കൊച്ചി കാണുന്നതും അന്നുതന്നെ. ''അന്നു മുതല്‍ ഇന്നു വരെ ഇത്രമേല്‍ പ്രിയപ്പെട്ട മറ്റൊരിടം എനിക്കില്ല. ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള യാത്ര ഏറ്റവും ഇഷ്ടമുള്ളതാണ്. അവിടെ എത്രസമയം ചെലവഴിക്കുന്നതും രസമാണ്. കൊച്ചിയിലെത്തിയപ്പോഴാണ് ഞാന്‍ മലയാളം പഠിച്ചുതുടങ്ങുന്നത്. ഭാര്യ ഡോ. വൈഷ്ണവി ജോലി ചെയ്യുന്നതും കൊച്ചിയിലെ ആശുപത്രിയിലാണ്. ജനങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ കിട്ടിയ ഓരോ അവസരവും ഒരോ അനുഭവങ്ങളായിരുന്നു'' -സുഹാസ് പറഞ്ഞു.