# സ്വന്തം ലേഖകൻ X സുപ്രീം കോടതി | ഫോട്ടോ :എ.എന്‍.ഐ. ന്യൂഡൽഹി: സ്വാതന്ത്ര്യസമരത്തെ നേരിടാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച കൊളോണിയൽ നിയമമായ രാജ്യദ്രോഹക്കുറ്റം ഇപ്പോഴും ആവശ്യമാണോയെന്ന് സുപ്രീംകോടതി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും അത് തുടരേണ്ടതുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124-എ (രാജ്യദ്രോഹം) വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരേ റിട്ട. മേജർ ജനറൽ എസ്.ജി. വോംബാദ്‌കെരെ നൽകിയ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം. ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ ബ്രിട്ടീഷുകാർ പ്രയോഗിച്ച നിയമമാണിതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മരപ്പണിക്കാരന് മരം മുറിക്കാൻ നൽകിയ വാളുകൊണ്ട് വനം മുഴുവൻ മുറിച്ചുനീക്കുന്നതുപോലെയാണ് ഈ നിയമം ഉപയോഗിക്കുന്നത്. ഏതെങ്കിലും സംസ്ഥാനത്തെ കുറ്റപ്പെടുത്തുകയല്ലെന്നും നിയമം നടപ്പാക്കേണ്ട ഏജൻസികളാണ് ദൗർഭാഗ്യവശാൽ അങ്ങനെ ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി. നിയമത്തിലെ 66-എ വകുപ്പ് പ്രകാരം ഇപ്പോഴും കേസെടുക്കുന്നകാര്യവും അദ്ദേഹം സൂചിപ്പിച്ചു. രാജ്യദ്രോഹക്കുറ്റം ചോദ്യംചെയ്യുന്ന മറ്റ് ഹർജികൾക്കൊപ്പം ഇതും പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. മണിപ്പുർ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് മാധ്യമപ്രവർത്തകരും മലയാളിയായ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറും പ്രസ്തുത നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിനൊപ്പം പുതിയ ഹർജിയും പരിഗണിക്കും. PRINT