‘ലിവിങ് എ ലെഗസി’ എന്നുപറയുന്നത് ഒരു അദ്‌ഭുതമാണ്. ഞാനിവിടെ ജീവിച്ചിരുന്നു എന്ന് പിൽക്കാലത്ത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുക എന്നത് എല്ലാവർക്കും ആഗ്രഹമുള്ള കാര്യമാണ്. അത്തരമൊരു ആളാകാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആൾക്കാരുണ്ട്. മറിച്ച് അല്ലാതെത്തന്നെ ആ നേട്ടത്തിലേക്ക് എത്തുന്നവരുമുണ്ട്. ഞാൻ ഇന്നുകാണുന്ന നിലയിലേക്ക് എത്തിച്ചേർന്നത് രണ്ടാമത്തെ രീതിയിലാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അഭിനയത്തോടുള്ള അഭിനിവേശവും അടങ്ങാത്ത ആഗ്രഹവുമാണ് എന്നും എന്നെ മുന്നോട്ടു നയിക്കുന്നത്. സിനിമയിൽ അഭിനയം തുടങ്ങിയിട്ട് നാൽപ്പതുവർഷം പിന്നിടുമ്പോഴും ഏറ്റവും മനോഹരമായി ഈ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അഭിനയം തുടങ്ങിയ ആദ്യ ദിനങ്ങളെക്കാളേറെ ഞാൻ ഇന്ന് അഭിനയത്തെ സ്നേഹിക്കുന്നു. ഇപ്പോഴും ഓരോ സെറ്റിലേക്ക് പോകുമ്പോഴും ഏറ്റവും മികച്ച രീതിയിൽ അഭിനയിക്കാൻ കഴിയണേ എന്ന് ഈശ്വരനോട് പ്രാർഥിക്കാറുണ്ട്. മോഹൻലാൽ കർണഭാരം വേദിയിൽ അവതരിപ്പിക്കുന്നു. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ ജീവിതവും അതുപോലെ തന്നെയാണ്. ‘Life is so beautiful, make it extra ordinary’’ എന്നുപറയാറുണ്ട്. പല രീതിയിലാകാം നമ്മൾ ഉയരങ്ങളിലേക്ക് എത്തിച്ചേരുന്നത്. ചിലർക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനാകും. മറ്റ് ചിലർക്ക് ചുറ്റുമുള്ള ഒരുപാടാളുകളുടെ സഹായം വേണ്ടിവരും. എനിക്ക് സിനിമയിൽ ഒരുപാടുപേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഒരിക്കലും നടൻ എന്ന നിലയിൽ ഒറ്റയ്ക്ക് ചെന്ന് അഭിനയിക്കാനാവില്ല. മറ്റുള്ളവർ നൽകുന്ന പിന്തുണയിൽനിന്നുകൊണ്ട് നാം സ്വയം കണ്ടെത്തുകയാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതെ എങ്ങനെ അവരെക്കാളും ഉയരത്തിൽ അഭിനയിച്ചെത്താനാകും എന്ന് ശ്രമിക്കുകയാണ്. ചുറ്റുമുള്ളവർ മികച്ച രീതിയിൽ അഭിനയിക്കുന്നത് കൊണ്ടാണ് എന്റെ അഭിനയവും മികച്ചതാവുന്നത്. ‘വാനപ്രസ്ഥ’മായാലും ‘കിരീട’മായാലും ‘ലൂസിഫറാ’യാലും എല്ലായിടത്തും ആദ്യദിനം അഭിനയിക്കാൻ വളരെ പേടിയോടെയാണ് ഞാൻ ചെന്നത്. എല്ലാം നന്നാകണമെന്ന എന്റെ പ്രാർഥനകൾ സഫലമായതുകൊണ്ടാണ് അവയെല്ലാം മികച്ചതായതായി കാണുന്നവർക്ക് തോന്നിയത്, തോന്നുന്നത്. ജീവിതം ഒരു കൊളാഷ് 40 വർഷം എങ്ങനെ സഞ്ചരിച്ചു എന്നുചോദിച്ചാൽ എനിക്ക് ഉത്തരമില്ല. കാരണം ഇന്ന് ഈ കോവിഡ് കാലത്തും ഞാൻ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. കോവിഡിന്റെ എല്ലാ പ്രതിസന്ധികളും നിലനിൽക്കുന്ന കാലത്താണ് ദൃശ്യം-2 ഷൂട്ട് ചെയ്തത്. ആ സിനിമ ചെയ്യാൻ എന്തുകൊണ്ട് ഞാൻ തയ്യാറാകുന്നു? അതാണ് പാഷൻ എന്നുപറയുന്നത്. ഞാൻ ഈ സിനിമ ചെയ്യുമ്പോൾ സിനിമയുടെ പല മേഖലയിലുള്ള 300-ഓളം പേർക്ക് ജോലി ലഭിക്കുകയാണ്. അതുകൊണ്ട് അതിന്റെ ഭാഗമാകുക എന്ന് പറയുന്നത് നമ്മുടെ പ്രതിബദ്ധതയാണ്. എപ്പോഴും രണ്ടുരീതിയിലാണ് എന്റെ ജീവിതം മുന്നോട്ടുപോകുന്നത്. ഒന്ന് അപ്രതീക്ഷിതമായ, അല്ലെങ്കിൽ വിസ്മയകരമായ ഒരുപാട് കാര്യങ്ങൾ വന്നുചേരുന്നു. അത്തരം അപ്രതീക്ഷിത കാര്യങ്ങളെ മനോഹരമായി ചെയ്യാൻ സാധിക്കുന്നു. അത് എന്റെ ചുറ്റുമുള്ളവരുടെ സഹായംകൊണ്ടാണ്. നാം പലപ്പോഴും പറയാറുണ്ട് നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമാണെന്ന്. എന്നാൽപ്പോലും നമ്മുടെ സൗഹൃദങ്ങൾ, വേണ്ടപ്പെട്ടവർ, നമ്മെ സ്നേഹിക്കുന്നവർ ഇങ്ങനെ ഒരുപാടുപേരുടെ കൊളാഷാണ് ജീവിതം എന്നാണ് എന്റെ വിശ്വാസം, അനുഭവം. അതുപോലെ നമ്മൾ ചെയ്യുന്ന പ്രവൃത്തി മണ്ഡലത്തിൽ ഏറ്റവും നന്നായിരിക്കുന്ന സമയത്താണ് ഏറ്റവും സൂക്ഷിക്കേണ്ടത്. കാരണം അത്രയും ഉയരത്തിൽ നിന്നൊരു വീഴ്ച എന്നുപറയുന്നത് ഒരിക്കലും താങ്ങാനായെന്നുവരില്ല. പലർക്കും സംഭവിച്ചിട്ടുള്ളത് നമ്മൾ കൺമുന്നിൽ കണ്ടിട്ടുണ്ട്. നമ്മുടെ ജോലിയിൽ കള്ളത്തരം കാണിക്കുമ്പോഴാണ് അത്തരം വീഴ്ചകൾ ഉണ്ടാകുന്നത്. ഏറ്റവും സ്നേഹത്തോടെ ജോലിചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ആ ജോലി അവസാനിപ്പിക്കുക എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതെന്ത് മടുപ്പിക്കുന്ന ജോലിയാണ് എന്ന് അഭിനയത്തെക്കുറിച്ച് സ്വയം ചിന്തിക്കാൻ തുടങ്ങുന്ന നിമിഷം ഞാൻ ഈ വഴിയിൽനിന്ന് മാറിനിൽക്കും. ദൈവമേ, ഇതെങ്ങനെ !! മോഹൻലാലും കാവാലവും കർണഭാരത്തിന്റെ റിഹേഴ്സലിൽ ഓരോ പുതിയ കാര്യവും അറിയാനും ചെയ്യാനും എനിക്ക് കൗതുകമുണ്ടെന്നത് സത്യമാണ്. ഉദാഹരണത്തിന് കാവാലം സാറിന്റെ കൂടെ സംസ്കൃതനാടകം ചെയ്ത കാര്യം എടുക്കാം. എനിക്ക് ദേശീയപുരസ്കാരം കിട്ടിയ സമയത്താണ് കാവാലം സാർ വിളിക്കുന്നത്. അദ്ദേഹം പറഞ്ഞു: ‘‘ലാൽ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ രാംഗോപാൽ ബജാജ് ഡൽഹിയിൽ കാണാൻ വരും. ഒരു കാര്യം പറയും.’’ ഞാൻ സമ്മതം മൂളി. പിറ്റേദിവസം രാംഗോപാൽ വന്നു. എന്നിട്ട് പറഞ്ഞു: ‘‘ലാൽ, കാവാലം നാരായണപ്പണിക്കർ പറഞ്ഞിരുന്നു നമുക്കൊല്ലാവർക്കും കൂടി ഒരു നാടകം ചെയ്യാമെന്ന്.’’ അത് കേട്ടതും ആദ്യമെനിക്ക് ആശ്ചര്യമാണ് തോന്നിയത്. നാടകംചെയ്യാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ ചെയ്യാം എന്ന് മറുപടി നൽകി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന രംഗമഹോത്സവം എന്ന 80 നാടകങ്ങളുള്ള പരിപാടിയിലാണ് എന്റെ ഒരു നാടകം അവതരിപ്പിക്കേണ്ടത്. എനിക്ക് വേണമെങ്കിൽ പറ്റില്ല എന്ന് പറഞ്ഞ് പിന്മാറാമായിരുന്നു. ഒരു നഷ്ടവും സംഭവിക്കില്ല. എന്നാൽ, കാവാലം സാറുമൊത്ത് നാടകം എങ്ങനെയായിരിക്കും എന്ന കൗതുകമാണ് എന്നെക്കൊണ്ട് സമ്മതംമൂളിച്ചത്. ഞാൻ കേരളത്തിലേക്ക് തിരിച്ചുവന്നു. കാവാലം സാറിനെ ചെന്നു കണ്ടു. എന്നിട്ട് പറഞ്ഞു: ‘‘സാർ മലയാളം, ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഏത് വേണമെങ്കിലും ചെയ്യാം.’’ ‘‘മിണ്ടാതിരിക്കൂ ലാലേ, മലയാളവും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ ആർക്കുവേണമെങ്കിലും ചെയ്തുകൂടേ. നമ്മളൊരു സംസ്കൃത നാടകമാണ് ചെയ്യുന്നത്.’’ കാവാലം സാറിന്റെ മറുപടി കേട്ടതും ഞാൻ ഞെട്ടി. കാരണം സംസ്കൃതം എനിക്ക് അറിയാത്തൊരു ഭാഷയാണ്. എനിക്ക് സംസ്കൃതമറിയില്ലെന്ന് ഞാൻ കാവാലം സാറോട് പറഞ്ഞു. ‘‘അതുകൊണ്ടാണ്, തന്നെക്കൊണ്ടുതന്നെ ചെയ്യിപ്പിക്കുന്നത്.’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാറിന്റെ ആത്മവിശ്വാസം കണ്ടപ്പോൾ പിന്നെ ഞാൻ നോ പറഞ്ഞില്ല. അതിവേഗം ഞാൻ നാടകം പഠിച്ചു. ആദ്യം തിരക്കഥ മുഴുവനായി പഠിക്കുകയാണ് ചെയ്തത്. ശേഷം എട്ടുദിവസത്തെ റിഹേഴ്‌സൽ. അതൊരു വെല്ലുവിളിയായിരുന്നു. ഞാനും എന്നിലെ നടനും തമ്മിലുള്ള പോരാട്ടമാണ് അവിടെ നടന്നതെന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു. കാരണം നമുക്ക് അറിയാത്ത ഒരു ഭാഷ, നാടകത്തിനിടയിൽ മറന്നുപോയാൽ പിന്നെ മറികടക്കാൻ മറ്റുവഴികളൊന്നുമില്ല. നാടകത്തിന്റെ റിഹേഴ്‌സലിനിടയിലാണ് ഞാൻ പദ്‌മശ്രീ വാങ്ങാനായി ചെല്ലുന്നത്. ആ സമയത്ത് ഇ. ശ്രീധരൻ സാറൊക്കെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ഞാൻ കർണഭാരം ചെയ്യുന്ന കാര്യം പറഞ്ഞു: ‘‘നന്നായി. എനിക്ക് നന്നായി സംസ്‌കൃതം അറിയാം.’’ എനിക്ക് തീരെ അറിയില്ലെന്ന് ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി. ആദ്യ അവതരണം കഴിഞ്ഞപ്പോൾ ഒട്ടേറെപ്പേർ അഭിനന്ദനവുമായി എത്തി. നാല് വേദികളിൽ കർണഭാരം അവതരിപ്പിച്ചു. ഇന്നും അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ അദ്‌ഭുതം തോന്നും. നാടകം കഴിഞ്ഞ് ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ കാവാലം സാറോട് ചോദിച്ചിട്ടുണ്ട് ‘സാർ, എങ്ങനെയാണ് എനിക്ക് സംസ്കൃത നാടകം അവതരിപ്പിക്കാനാകും എന്ന് തിരിച്ചറിഞ്ഞ’തെന്ന്. ഈ അടുത്ത് ഞാൻ കർണഭാരത്തിന്റെ തിരക്കഥ എടുത്ത് വെറുതേ വീണ്ടും വായിച്ചു നോക്കിയപ്പോൾ അദ്‌ഭുതം തോന്നി. ‘ദൈവമേ, ഞാൻ ഇതെങ്ങനെ അന്ന് അഭിനയിച്ച് പറഞ്ഞു ഫലിപ്പിച്ചു! ’ കർണഭാരം ഇനിയും ചെയ്യാൻ പറ്റുമോ എന്നെനിക്കറിയില്ല. മോഹൻലാൽ വാനപ്രസ്ഥത്തിൽ കഥാപാത്രങ്ങളും നിരീക്ഷണവും നിരീക്ഷണം എന്ന് പറയുന്നത് രണ്ടുരീതിയിലാണ്. ഒന്ന് അറിഞ്ഞുകൊണ്ട് മറ്റൊരാളെ നിരീക്ഷിക്കുക, രണ്ട് അറിയാതെ നിരീക്ഷിക്കുക. ഞാൻ അറിയാതെ നിരീക്ഷിക്കുന്ന ഒരാളാണെന്ന് എല്ലാവരും പറയാറുണ്ട്. എവിടെയോ കണ്ട കാര്യങ്ങൾ നമ്മുടെ ഓർമയിലുണ്ടാകും. ഞാൻ പലപ്പോഴായി കണ്ടുമുട്ടിയ ഒരുപാടുപേരെ കുറിച്ചുള്ള ഓർമകൾ അഭിനയിക്കുമ്പോൾ എന്നെ സഹായിക്കുന്നുണ്ടാകും. പക്ഷേ, അതും രണ്ടുരീതിയിലുണ്ട്. ഒരു ഡോക്ടറുടെ റോൾ ചെയ്യുമ്പോൾ നമ്മൾ കണ്ട ഒരു ഡോക്ടറെ അതിലേക്ക് കൊണ്ടുവരാനാകില്ല. കാരണം എല്ലാ ഡോക്ടർമാരും ഒരുപോലെയല്ലല്ലോ. കഥാപാത്രത്തിലേക്ക് നാം അറിയാതെ എത്തിപ്പെടുകയാണ്. തിരക്കഥ വായിക്കുമ്പോൾ ആ കഥാപാത്രത്തെ നമ്മൾ മനസ്സിലാക്കുകയാണ്. 40 വർഷത്തിലധികമായി ഒരുപാട് കഥാപാത്രങ്ങളിലൂടെ അങ്ങനെ യാത്ര ചെയ്യുകയാണ്. അതിന്റെ ഒരുപരിചയം കൂടി എന്ന സഹായിക്കുന്നുണ്ടാവാം. നന്നായി പരിശീലനം ലഭിച്ച ഫുട്‌ബോളർക്ക് ഏത് സ്ഥലത്ത് പോയാലും നന്നായി കളിക്കാനാകും എന്ന് പറയാറില്ലേ. അതുപോലെയാണ് സിനിമാഭിനയവും. മോഹൻലാലും കുടുംബവും അമ്മയുടെയും അച്ഛന്റെയും അനുഗ്രഹത്തിൽ ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ അറിയരുതെന്നൊരു പറച്ചിലുണ്ട്. അത് ശരിയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. നമുക്ക് ലഭിക്കുന്ന ഒരുപാട് സൗഭാഗ്യങ്ങളും സന്തോഷങ്ങളുമുണ്ട്. അത് മറ്റുള്ളവരിലേക്കും കൂടി പകർന്നുകൊടുക്കുക. അത്തരമൊരു ചിന്ത എന്നിലുണ്ടാക്കിയത് ഞാൻ വളർന്നുവന്ന സാഹചര്യമാണ്. അച്ഛനും അമ്മയും അമ്മമ്മയും അപ്പച്ചിയുമൊക്കെ അടങ്ങുന്ന ഒരു കൂട്ടുകുടംബത്തിന്റെ കരുതലിലാണ് ഞാൻ വളർന്നത്. അങ്ങനെയുള്ള വളർച്ചയിൽ കണ്ട ഒരുപാട് കാഴ്ചകളുണ്ട്. വേദനിക്കുന്നവരെ സഹായിക്കുന്നതും ആശ്വസിപ്പിക്കുന്നതുമൊക്കെയായ കാര്യങ്ങൾ.