Sunday 27 Jun 2021 03.06 PM കെസിടിയുടെ ബസുകള്‍ പൊളിച്ച് വില്‍ക്കാനുള്ള നീക്കം ; സിപിഎമ്മിനെതിരെ സി ഐടിയു ആലപ്പുഴ : കേരളാ കോര്‍പറേറ്റീവ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ പൊളിച്ച് വില്‍ക്കാനുള്ള സിപിഎമ്മിന്റെ നടപടിക്കെതിരെ സി.ഐ.ടി.യുവിന്റെ സമരം. കെ.സി.ടിയുടെ ബസുകള്‍ നീക്കം തടയുന്നതിനായാണ് ഇടത് തൊഴിലാളി സംഘടനയായ സി.ഐ.ടി.യു. പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്. കെ.സി.ടിയുടെ ഹരിപ്പാടുള്ള ഓഫീസിന്റെ മുന്നിലാണ് ജീവനക്കാര്‍ പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. 20 ലൈന്‍ ബസുകളും എട്ട് ടൂറിസ്റ്റ് ബസുകളുമാണ് കായംകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.സി.ടിക്കുള്ളത്. പതിറ്റാണ്ടുകളായി ബസ് സര്‍വീസ് രംഗത്തുള്ള ഈ സ്ഥാപനം കോവിഡ് കാലമായതോടെ അടച്ചിടലിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ സൊസൈറ്റി ബോര്‍ഡ് അംഗങ്ങളോ തൊഴിലാളികളോ അറിയാതെയാണ് മൂന്ന് ബസുകള്‍ പൊളിച്ച് നീക്കാന്‍ തീരുമാനിച്ചത്. അധികൃതരുടെ നീക്കത്തിനെതിരെയാണ് സി.ഐ.ടി.യു. യൂണിയന്‍ തൊഴിലാളികള്‍ സമരവുമായി എത്തിയിട്ടുള്ളത്. സ്ഥാപനത്തിലെ ഭൂരിഭാഗം തൊഴിലാളികളും സി.ഐ.ടി.യു. യൂണിയനില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള ആളുകളെയാണ് കെ.സി.ടി. എന്ന സ്ഥാപനത്തില്‍ തൊഴിലാളികളായി നിയമിച്ചിരുന്നത്. ബസുകള്‍ പൊളിച്ച് വില്‍ക്കാനുള്ള തീരുമാനം ഈ സ്ഥാപനം അടിച്ചുപൂട്ടുന്നതിന്റെ ആദ്യപടിയാണെന്നാണ് തൊഴിലാളുകളുടെ ആശങ്ക. ബസുകള്‍ പൊളിച്ച് വില്‍ക്കുന്നത് ഏകപക്ഷീയമായ തീരുമാനമാണ്. ബസുകള്‍ പൊളിച്ച് വില്‍ക്കുന്നത് ഈ സ്ഥാപനത്തെ ഇല്ലാതാക്കാനാണ്. ഇത് നൂറുകണക്കിന് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വഴിയാധാരമാക്കുന്ന തീരുമാനമാണ്. ഇത് ഒരു കൂട്ട ആത്മഹത്യയിലായിരിക്കും അവസാനിക്കുക. കഴിഞ്ഞ കൂറെയേറെ മാസങ്ങളായി ഇവിടുത്തെ ജീവനക്കാരായ ഞങ്ങള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണെന്നും സമരത്തില്‍ പങ്കെടുക്കുന്ന കെ.സി.ടി. ജീവനക്കാരന്‍ പറഞ്ഞു. Ads by Google